
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്കി. സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 അര്‍ദ്ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.
Post Your Comments