കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഗോതമ്പു റോഡ്. അരീക്കോട് – മുക്കം ഭാഗത്തായി വരുന്ന ഗോതമ്പുറോഡിലാണ് വൈദ്യര് മല എന്നറിയപ്പെടുന്ന ഈ മല സ്ഥിതി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു വീഡിയോ കാരണമാണ് ആളുകള്‍ ഈ പ്രദേശത്തെ കുറിച്ച് അറിഞ്ഞത്. വൈദ്യര് മലയുടെ മുകളില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. സൂര്യോദയം ആസ്വദിക്കാന്‍ ആണ് ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തിച്ചേരുന്നത്. രാവിലെ മിക്കപ്പോഴും കോട മൂടിയതായി കാണപ്പെടുന്നു.
അതിനാല്‍ മലയുടെ മുകളില്‍ നില്ക്കുമ്പോള് മേഘങ്ങളുടെ മുകളില്‍ ആയി നില്ക്കുന്ന ഒരു അനുഭവം നിങ്ങള്‍ക്ക് ലഭിക്കുന്നു. മലയുടെ മുകളില്‍ എത്താന്‍ പ്രത്യകിച്ച് വഴിയൊന്നുമില്ല. റബ്ബര്‍ തോട്ടങ്ങളിലൂടെയും, മുളം കാടുകളിലൂടെയും, പാറയുടെ മുകളില്‍ കൂടിയും ട്രെക്ക് ചെയ്ത് വേണം മുകളില്‍ എത്താന്‍. ട്രെക്കിങ്ങിനിടെ ചെറിയ അരുവികളും, വെള്ളച്ചാട്ടങ്ങളൂം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അവ മുറിച്ചു കടന്ന് വേണം നിങ്ങള്‍ക്ക് മുകളില്‍ എത്താന്‍.
മഴകാലത്ത് ഇവിടേക്കുള്ള യാത്ര അപകടം പിടിച്ചതാണ്. പ്രാദേശികരുടെ സഹായം ഉണ്ടെങ്കില്‍ നന്നായിരിക്കും. എന്തിരുന്നാലും മലമുകളില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. താഴെ ഗോതമ്പുറോഡ് ഗ്രാമത്തിന്റെ ആകാശ കാഴ്ചയും കാണാം. ചുറ്റിലും പച്ചപ്പ് മാത്രമുള്ള ഈ കാഴ്്ച്ചകള്‍ ഒക്കെ കണ്ട് പാറയുടെ പുറത്തിരുന്ന് ട്രെക്കിങ്ങിന്റെ ക്ഷീണം നിങ്ങള്‍ക്ക് മാറ്റാം. ഏകദെശം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ എടുക്കും ട്രെക്ക് ചെയ്ത് മലയുടെ മുകളില്‍ എത്താന്‍.
കുറച്ച് ദൂരം മാത്രമേ വാഹനം എത്തുകയുള്ളൂ. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ല. അതിനാല്‍ പ്രദേശവാസികള്‍ ഉണ്ടെങ്കിലേ പൊവാന്‍ കഴിയൂ. ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവിടെ നാട്ടുകാര്‍ കയറ്റി വിടുന്നില്ലന്നാണ്. മുക്കത്ത് നിന്ന് ഏകദെശം 6 കിലോ മീറ്ററും , അരീക്കോട് നിന്നും ഏകദേശം 9 കുലോമീറ്ററും അകലെയായിട്ടാണ് ഗോതമ്പറോഡ് സ്ഥിതി ചെയ്യുന്നത്.
Post Your Comments