വളപട്ടണം ലൈബ്രറി വാര്‍ഷികാഘോഷം നടത്തി കുരുന്നുകള്‍
NewsKerala

വളപട്ടണം ലൈബ്രറി വാര്‍ഷികാഘോഷം നടത്തി കുരുന്നുകള്‍

വളപട്ടണം: സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്താണ് വളപട്ടണം. എന്നാലിവിടെ വലിയ ലൈബ്രറിയുണ്ട്. സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്തും കടവടക്കമുള്ളവര്‍ വായിച്ചു തെളിഞ്ഞ ലൈബ്രറി. മുക്കാല്‍ നൂറ്റാണ്ടാകുന്നു ലൈബ്രറിയുടെ പ്രായം. കഴിഞ്ഞ ദിവസം ലൈബ്രറിയുടെ 72-ാം വാര്‍ഷികം നടത്തിയിരുന്നു. ഇത് നടത്തിയത് കുട്ടികളാണെന്നതാണ് സവിശേഷത. അവര്‍ക്കൊപ്പം പ്രിയപ്പെട്ട ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും.

മറ്റാരേക്കാളും നന്നായി കുട്ടിക്കള്‍ അത് ചെയ്തു. കേരള ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ്കുമാറായിരുന്നു ഉദ്ഘാടകനായെത്തിയത്. ചെയര്‍മാന് മുമ്പില്‍ കുട്ടികളുടെ കമ്മിറ്റി തയ്യാറാക്കിയ എട്ട് നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ രേഖ അവതരിപ്പിച്ചത് അജ്‌ന പര്‍വ്വീണ്‍.

കുട്ടികളുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ച് സംസാരിച്ചുകൊണ്ടാണ് അഡ്വ. കെ.വി. മനോജ്കുമാര്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് ലഭിക്കേണ്ട ലൈംഗിക വിദ്യാഭ്യാസം മുതല്‍ വളപട്ടണത്തെ കുട്ടികളുടെ പാര്‍ക്ക് ഗ്രാമപഞ്ചായത്തിന് കൈമാറണം എന്ന ആവശ്യം വരെ അവകാശ രേഖയില്‍ ഉണ്ടായിരുന്നു. വില്ലേജ് ചെല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലെ കുട്ടികളുടെ പ്രതിനിധി കൂടിയായ എ.കെ സല്‍മയാണ് അധ്യക്ഷത വഹിച്ചത്. കുട്ടികളെ ഗൈഡ് ചെയ്യാന്‍ രക്ഷിതാക്കളും സമൂഹവും പലപ്പോഴും പരാജയപ്പെട്ട് പോകുന്നതിനേപ്പറ്റി സല്‍മ കൃത്യമായി പറഞ്ഞു. ഓരോ നിര്‍ദ്ദേശവും തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്ന വാക്ക് ചെയര്‍മാനില്‍ നിന്ന് കേട്ടപ്പോള്‍ ഹാളില്‍ ആഹ്ലാദം കൈയ്യടികള്‍ തീര്‍ത്തു.ലൈബ്രറിയുടെ വാര്‍ഷിക റിപ്പോര്‍ട്ടവതരണം നടത്തിയത് ലൈബ്രറി ബാലവേദിയിലെ ആറാം ക്ലാസ്സുകാരായ ഇലാന്‍ ഫൈറസും ആര്‍ ശിവദയും ചേര്‍ന്നാണ്.


ക്രീനിലപ്പോള്‍ മറ്റൊരു ആറാം ക്ലാസ്സുകാരനായ അമന്‍ തയ്യാറാക്കിയ ലൈബ്രറിയേപ്പറ്റിയുള്ള വീഡിയോ ചലിച്ചു കൊണ്ടിരുന്നു. ലൈബ്രറി സൌഹൃദ പുരസ്‌കാര പ്രഖ്യാപനം നടത്തിയത് എം.ടി ശ്രീലക്ഷ്മിയാണ്. 2022ലെ ഏറ്റവും മികച്ച ലൈബ്രറി സൌഹൃദ കുടംബത്തിനുള്ള കര്‍മ യു.എ.ഇ വളപട്ടണത്തിന്റെ പുരസ്‌കാരത്തിന് കുഞ്ഞാമിന മഹലിനെയാണ് തെരഞ്ഞെടുത്തത്. ഇലാന്റെയും സല്‍ഫയുടെയും അന്‍സാരി മാഷിന്റെയും ഒക്കെ വീടായിരുന്നു ഇത്. ലൈബ്രറിയിലെ മികച്ച വായനക്കാരും ഇവര്‍ തന്നെ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ, വൈസ് പ്രസിഡന്റ് വി.കെ.സി ജംഷീറ, സ്ഥിരം സമിതി അധ്യക്ഷരായ എ.ടി. മുഹമ്മദ് ശഹീര്‍, എ.ടി. സമീറ എന്നിവരൊക്കെ കുട്ടികളോട് പ്രതികരിച്ച് സംസാരിക്കാന്‍ എത്തിയിരുന്നു. പുതിയ ആശയങ്ങളും ചിന്തകളും പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു. ബാലവേദി കമ്മിറ്റി അംഗം സല്‍ഫ പി.എം. സ്വാഗതവും പി. മുഹമ്മദ് വലീദ് നന്ദിയും പറഞ്ഞു.


ബാലസൌഹൃദമായ ഗ്രാമം എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയിലാണ് വളപട്ടണം. ലഹരിയിലേക്കും തെറ്റായ ഇടത്തേക്കും ഒരു കുട്ടിയും പതിച്ച് പോവരുത്. അതിന് കുട്ടികള്‍ക്ക് മികച്ച പങ്കാളിത്ത ഇടങ്ങള്‍ ഒരുക്കണം. ലൈബ്രറിയെ കുട്ടികളുടെ ഏറ്റവും മികച്ച പങ്കാളിത്ത ഇടമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു ചുവട് കൂടി മുന്നോട്ട് പോയിരിക്കുന്നു. ഈ ദിവസം അവിസ്മരണീയമാക്കിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി പറയാം. ഒപ്പം കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ് കുമാറിനും.
ലൈബ്രേറിയന്‍ ബിനോയി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ലൈബ്രറിയുടെ മുഖഛായ മാറുന്നത്. പല മേഖലകളിലും വളപട്ടണത്തിന്റെ ഖ്യാതി പരന്നിട്ടുണ്ട്. ഇനി ഈ ലൈബ്രറിയുടെ പേരിലും നാടറിയും..

Related Articles

Post Your Comments

Back to top button