Kerala NewsLatest NewsPolitics

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തില്‍ സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെന്ന് വി.ഡി സതീശന്‍

പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസ്താവനയില്‍ സിപിഎമ്മിന് വ്യക്തമായ നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം മതനേതാക്കളെ കണ്ടത്. വിവാദത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നും സതീശന്‍ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷ പ്രസ്താവനയില്‍ നിലപാട് ഇല്ലായ്മയാണ് സിപിഎമ്മിന്റെ നിലപാട്. ഈ ഒരാഴ്ച്ചക്കാലം ഇരു സമുദായങ്ങള്‍ തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള സംഘര്‍ഷങ്ങള്‍ അയവ് വരുത്താന്‍ പാകത്തിലുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടണമെന്ന് നിരന്തരമായി പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. സൈബര്‍ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത്. സംഘര്‍ഷത്തിന് അയവ് വരുത്താനാണ് പ്രതിപക്ഷനേതാവും കെ.സുധാകരനും ശ്രമിച്ചത്. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ല. എന്നാല്‍ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പ്രതിപക്ഷം പിന്തുണക്കുമെന്നും സംഘ്പരിവാര്‍ അജണ്ട മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button