വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സാക്ഷികളെ പ്രതികളാക്കി കോടതിയുടെ സമന്‍സ്
NewsKeralaPoliticsLocal News

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സാക്ഷികളെ പ്രതികളാക്കി കോടതിയുടെ സമന്‍സ്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതി സമന്‍സ്. കേസിലെ ഒന്നാം പ്രതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് പരാതി. കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലാണ് സാക്ഷികളെ പ്രതിയാക്കി കോടതി സമന്‍സയച്ചത്. കൊലക്കേസിലെ ഒന്നാംപ്രതി നജീബിന്റെ മാതാവ് റംലാബീവി കോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് 2020 ആഗസ്റ്റ് 30ന് കൊല്ലപ്പെട്ടത്.

എന്നാല്‍ തന്റെ മകന്‍ നജീബിനെ കൊലപ്പെടുത്താന്‍ കാത്തുനിന്ന സംഘം പല തവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റംലാബീവിയുടെ പരാതി. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദീകരണം തേടിയ കോടതിയോട് കേസ് ചാര്‍ജ് ചെയ്യേണ്ടതില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. കൊലക്കേസില്‍ പ്രതികളായ ആറുപേര്‍ നിലവില്‍ വിചാരണ തടവിലാണ്.

Related Articles

Post Your Comments

Back to top button