
കണ്ണൂര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ കാണാനെത്തിയതിന്റെ സന്തോഷം മറയ്ക്കാതെ രത്‌ന ടീച്ചര്‍ പറഞ്ഞു, ‘എനിക്ക് ഇതിലും വലിയൊരു ഗുരുദക്ഷിണ ആര്‍ക്കും തരാന്‍ കഴില്ല’എന്ന്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഭാര്യ സുധേഷ് ധന്‍ഖറും പാനൂരിലെ വീട്ടിലെത്തി കണ്ടപ്പോഴായിരുന്നു അധ്യാപികയുടെ ഈ വാക്കുകള്‍. സൈനിക് സ്‌കൂളില്‍ ഏറെ കാലം തനിക്ക് നല്ലപാഠം ചൊല്ലിത്തന്ന അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി വരുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. സൈനിക് സ്‌കൂളിലെ അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ സഹോദരന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്‌ന നായരാണ് ഉപരാഷ്ട്രപതിയുടെ പ്രിയപ്പെട്ട ആ അധ്യാപിക.
ഇരുവരും പഴകാലത്തെ പല കാര്യങ്ങളും പരസ്പരം ഓര്‍ത്തെടുത്ത് പറഞ്ഞു. പണ്ട് ക്ലാസ് റൂമില്‍ തന്റെ മുന്നില്‍ കാക്കി വസ്ത്രം ധരിച്ച് മുന്‍ ബെഞ്ചില്‍ അച്ചടക്കത്തോടെ ഇരുന്ന പഠിച്ച ആ കൊച്ച് ജഗ്ദീപിനെ രത്‌ന ഓര്‍ത്തെടുത്തു. അവന്‍ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. അച്ചടക്കവും അനുസരണയുമുള്ള കുട്ടിയായിരുന്നു. എല്ലാ അക്കാദമിക വിഷയത്തിലും പുറത്തുള്ള പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയിരുന്നു- രത്‌ന പറഞ്ഞു
ജഗ്ദീപിന്റെ അച്ഛന്‍ എല്ലാ മാസവും മക്കളെ കാണാന്‍ വരുന്നത് എനിക്ക് ഓര്‍മയുണ്ട് – അവര്‍ കൂട്ടിച്ചേര്‍ത്തു. ഇളനീര്‍ നല്‍കിയാണ് രത്‌നയും കുടുംബവും ഉപരാഷ്ട്രപതിയെ വരവേറ്റത്. കഴിക്കാന്‍ ഇഡ്ഡലിയും നല്‍കി. വീട്ടില്‍ ഉണ്ടാക്കിയ വാഴപ്പഴ ചിപ്സും അദ്ദേഹം കഴിച്ചു. സ്പീക്കര്‍ എന്‍ ഷംസീറും അവര്‍ക്കൊപ്പം വീട്ടില്‍ എത്തിയിരുന്നു.
രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്‌കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്‌ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്‌കൂളില്‍ അധ്യാപികയായിരുന്നു രത്‌ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം ടീച്ചര്‍ക്ക്് പോകാന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments