വിഴിഞ്ഞം: സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല; സര്‍ക്കാര്‍
NewsKerala

വിഴിഞ്ഞം: സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല; സര്‍ക്കാര്‍

കൊച്ചി : വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതോടെ വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാല്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധക്കാര്‍ക്കാണെന്നും തങ്ങള്‍ക്ക് അല്ലെന്നും അദാനി പോര്‍ട്ട്‌സ് കോടതിയില്‍ വാദിച്ചു. പോലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു.

ഇതോടെ മറുപടി നല്‍കിയ സര്‍ക്കാര്‍, വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാന്‍ വെടിവെപ്പ് നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ കേന്ദ്ര സേനക്ക് സുരക്ഷാ ചുമതല നല്‍കണമെന്ന് അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ കേന്ദ്രസേനയെ പദ്ധതി മേഖലയില്‍ വിന്യസിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാന്‍ കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button