
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത പുലര്‍ത്താന്‍ പോലീസിന് നിര്‍ദേശം. തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാര്‍ നിര്‍ദേശം നല്കി. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം. അക്രമ സാധ്യത കണക്കിലെടുത്ത് സ്പെഷല്‍ ബ്രാഞ്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ, വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനിയാണ് സ്പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍.
Post Your Comments