Kerala NewsLatest NewsPolitics

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം; മാന്യത ഉണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണം: വിടി ബല്‍റാം

തിരുവനന്തപുരം: വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം ആയിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ പ്രതികരണം.

‘നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ കേസ് നടത്തി സുപ്രീം കോടതിയില്‍ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍.ഇത്തരമൊരു ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോവുന്ന ഒരാള്‍ ഇന്ന് പ്ലസ് ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാര്‍ത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.’ വിടി ബല്‍റാം പറഞ്ഞു.

അതേസമയം കേസില്‍ വിചാരണക്കോടതിക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കുമെന്നാണ് വി ശിവന്‍കുട്ടി വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button