ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ പുറപ്പാട്

ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ പുറപ്പാടിൽ പ്രകോപനം തുടരുകയാണ് ചൈന. ഓരോ ദിവസം കഴിയുന്തോറും അതിർത്തിയിൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ചൈന അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ ഓരോ ദിവസവും എത്തിച്ചു കൊണ്ടിരിക്കുന്നു.
ചുഷുൽ മേഖലയിലടക്കം ചൈന കൂടുതൽ സൈനികരെ എത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചുഷുൽ മേഖലയിൽ മാത്രം 500 സൈനികരെയാണ് കഴിഞ്ഞ ദിവസം ചൈന വിന്യസിച്ചത്.
സൈനികരെ കൂടുതൽ എത്തിച്ചതിന് പിന്നാലെ സാധനസാമഗ്രികളുമായി കൂടുതൽ വാഹനങ്ങൾ അതിർത്തികളിലേക്ക് എത്തുന്നുന്നത് തുടരുന്നു. ഫിംഗർ നാലിൽ പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്‌ച രാത്രിമുതൽ ഫിംഗർ മൂന്നിലെ പൊതുപ്രദേശങ്ങളിൽ കടന്നുകയറാനും ശ്രമം തുടങ്ങി. ഒപ്പം ഫിംഗർ അഞ്ചിനും എട്ടിനും ഇടയിൽ കൂടുതൽ സൈനികരെ വിന്യസിക്കുകയും ടെൻ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരുന്ന ഇന്ത്യയും മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ചു വരുകയാണ്. ജാഗ്രതയോടെയാണ് ഇന്ത്യൻ സൈനികരുടെ ഒരുനീക്കവും നടക്കുന്നത്. ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ പ്രദേശത്ത് വ്യോമപ്രകടനം നടത്തി. ഗോഡ് പാവോ മലനിരകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും വെടിയുതിർത്തതായും ഉള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആണ് ചൈനയും, ചൈനീസ് മാധ്യമങ്ങളും പ്രചരിക്കിച്ചു വരുന്നത്.
ലഡാക്കിൽ പാംഗോങ് തടാകത്തിലൂടെ ഉള്ള ചൈനയുടെ സൈനിക നീക്കം ഇന്ത്യ കഴിഞ്ഞ ദിവസം തടഞ്ഞു. 2 ബോട്ടുകളിലായി നാൽപതോളം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് തടാകത്തിലൂടെ എത്തിയത്. ഇന്ത്യൻ സൈനികർ ഈ നീക്കം തടയുകയും ബോട്ടുകൾ മടക്കി അയയ്ക്കുകയും ചെയ്തു. ചുഷുൽഖു ഖേർപാരിയിൽ ഉയർന്ന സ്ഥലത്ത് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്ന ഭാഗം കയ്യടക്കാനാണ് ചൈന കുറച്ചു ദിവസങ്ങളായി ശ്രമം നടത്തി വരുന്നത്. ഇതിനിടെ നടന്ന ഇന്ത്യ– ചൈന ബ്രിഗേഡ് തലത്തിലുള്ള സൈനിക കമാൻഡർമാരുടെ
വ്യാഴാഴ്ച നടന്ന ചർച്ചയും ഫലം കണ്ടിട്ടില്ല. അടുത്ത ഘട്ടമായി കോർ കമാൻഡർമാരുടെ യോഗം ചേരുമെന്നു കരസേന വ്യക്തമാക്കിയിട്ടുണ്ടെകിലും, തീയതിയും സമയവും നിശ്ചയിച്ചിട്ടില്ല.
അതേസമയം, ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടത്തിയ ചർച്ച പൂർത്തിയായി. അതിർത്തിയിലെ സംഘർഷാന്തരീക്ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയിൽ കൂടിക്കാഴ്ച്ച നടത്തിയത്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ചർച്ചയിൽ പ്രശ്‌നപരിഹാരത്തിന് ധാരണയായില്ലെന്നാണ് ആദ്യമണിക്കുറുകളിൽ ലഭിക്കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.അവസാന അവസരമെന്നാണ് വ്യാഴാഴ്ച്ച മോസ്‌കോവിൽ വെച്ച് നടന്ന ചർച്ചയെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചിരുന്നത്.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചർച്ചയിലൂടെ എടുത്ത തീരുമാനങ്ങൾ വരും ദിവസങ്ങളിൽ അതിർത്തിയിലെ സ്ഥിതിയും ഇരുരാജ്യങ്ങളുമായുള്ള ബന്ധവും നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വീ ഫെങ്കെയും മോസ്കോയിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല.