രാജ്യത്ത് വന്‍ പ്രതിഷേധത്തിന് വഴിവച്ച അഗ്നിപഥ് പദ്ധതിയെ കുറിച്ച് അറിയാം
NationalEducationCareer

രാജ്യത്ത് വന്‍ പ്രതിഷേധത്തിന് വഴിവച്ച അഗ്നിപഥ് പദ്ധതിയെ കുറിച്ച് അറിയാം

രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കളമൊരുക്കിയ ഒന്നാണ് അഗ്നിപഥ് പദ്ധതി. എന്താണ് ഈ പദ്ധതിയെന്നുളളത് നമുക്ക് ഒന്ന് പരിശോധിക്കാം. പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്നിവീരന്മാര്‍’ എന്നാണ് അറിയപ്പെടുക. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. പെണ്‍കുട്ടികള്‍ക്കും പദ്ധതിയില്‍ അംഗമാവാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വര്‍ഷത്തിനു ശേഷം പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തന്നെ തുടരാം. നിലവില്‍ അപേക്ഷകരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നിരിക്കുകയാണ്.

പദ്ധതിയെ അനൂകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശനങ്ങള്‍ വിവിധ കോണില്‍ നിന്നും ഇപ്പോഴും ഉയരുന്നുണ്ട്. പദ്ധതിക്കെതിരെ ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകളിലും റെയില്‍വേയിലും ഗതാഗതം തടഞ്ഞു. ട്രെയിനുകള്‍ കത്തിച്ചു. ബസ്സുകള്‍ അടിച്ചുതകര്‍ത്തു. ബിജെപി എംഎല്‍എയടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടു. ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തി.

സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ രാജ്യ വ്യാപക പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. അതേസമയം മുന്‍പത്തേക്കാള്‍ കൂടുതല്‍ ഗൗരവത്തോടെ തെരഞ്ഞെടുപ്പ് നടപടികളും പരിശീലനത്തിലും തയാറെടുപ്പ് നടത്തുമെന്നയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള സര്‍ക്കാറിന്റെ നീക്കമായിട്ടും ഇതിനെ കാണുന്നുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണെന്നും പിരിഞ്ഞുപോകുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പെന്‍ഷനോ പൂര്‍വ സൈനികര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല.

ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ പരിപാടി എന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കൂടാതെ പ്രതിരോധ പെന്‍ഷന്‍ തുകയില്‍ ഗണ്യമായ കുറവുണ്ടാകും. സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കുമെന്നുമാണ് സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകര്‍ഷിക്കുമെന്നതും അവര്‍ നേട്ടമായി പറയുന്നു. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും.

അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. കഴിഞ്ഞ ദിവസം അഗ്നിവീറില്‍ വനിതകള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ വ്യോമസേന മേധാവി വി.കെ. ചൗധരി വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥത്തില്‍ സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണ് അഗ്നിപഥ് എന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണിത്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുകയാണെങ്കില്‍ അത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറിനെ കടുത്ത വിമര്‍ശനത്തിലാഴ്ത്തും.

Related Articles

Post Your Comments

Back to top button