
തിരുവനന്തപുരം: അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന കടബാധ്യത കേരളത്തിലെ സാധാരണ ജനങ്ങളെ ബാധിച്ചുതുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി രണ്ട് മാസം ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ക്ഷേമപെന്‍ഷനുകള്‍ മാത്രമല്ല, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ മുതലയാവയെല്ലാം മുടങ്ങിക്കിടക്കുകയാണ്.
കടമെടുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കേരളം മന്ത്രിമാര്‍ക്കും മറ്റും കാര്‍ വാങ്ങുന്നതിനും ആഢംബരങ്ങള്‍ക്കും മാത്രമായി ചിലവ് ചുരുക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. കരാറുകാരുടെ കുടിശികകള്‍ എട്ട് മാസത്തിലധികമായി നല്‍കിയിട്ടില്ല. സൗജന്യ കന്നുകാലി ഇന്‍ഷൂറന്‍സും കാലിത്തീറ്റ സബ്സിഡിയും മുടങ്ങിയിട്ട് മാസങ്ങായി.
മാതാപിതാക്കള്‍ മരിച്ചുപോയ പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം നല്കുന്ന സ്നേഹപൂര്‍വം പദ്ധതിയില്‍ പത്ത് മാസത്തെ കുടിശികയാണുള്ളത്. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്ക് സഹായധനം നല്കുന്ന ആശ്വാസകിരണം പദ്ധതിയും അവതാളത്തിലാണ്. ജലഅതോറിറ്റിയില്‍ സ്റ്റേറ്റ് ഫണ്ട് രണ്ട് വര്‍ഷം വരെയുള്ള കുടിശിക 200 കോടിയാണ്.
അറ്റകുറ്റപ്പണികള്‍ക്ക് 14 മാസത്തെ ബില്ലുകളില്‍ 130 കോടി നല്‍കാനുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ തനത് ഫണ്ടില്‍ വലിയ കുറവുവന്നതോടെ ബില്ലുകള്‍ ഒരുവര്‍ഷത്തിലേറെ കുടിശികയായി കിടക്കുകയാണ്. എംഎല്‍എ ഫണ്ടിലെ ബില്ലുകള്‍ ഒന്നരവര്‍ഷത്തിലേറെ കുടിശിക നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി ഗ്രാമീണറോഡ് പദ്ധതികളുടെ ബില്ലുകള്‍ രണ്ട് വര്‍ഷത്തിലേറെ കുടിശികയുണ്ട്. ജല്‍ ജീവന് മിഷന്, പ്രധാനമന്ത്രി ഗ്രാമീണറോഡുകള്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍വിഹിതമുള്ള കുടിശികയാണ്.
സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി സാധാരണക്കാരന്റെ ജീവിതത്തെ ബാധിച്ചുതുടങ്ങുമ്പോഴാണ് അതിന്റെ തീവ്രത പ്രകടമാകുക. അത് മാന്ദ്യത്തിന്റെ ഒരുലക്ഷണം കൂടിയാണ്. പണിയും കൂലിയും കുറയും, കടം വാങ്ങുന്ന പ്രവണത കൂടുകയും തിരിച്ചടവ് കുറയുകയും ചെയ്യും, വട്ടിപ്പലിശക്കാര്‍ അടക്കമുള്ളവര്‍ നാട്ടിന്‍പുറങ്ങളില്‍ അവതരിക്കും.
ക്ഷേമപദ്ധതികള്‍ കടംവാങ്ങിയും നിര്‍വഹിക്കണമെന്ന് ഇടതുസര്‍ക്കാര്‍ സാമ്പത്തികനയമായി സ്വീകരിച്ചത് ഈ സാമൂഹികാഘാതം ഒഴിവാക്കാനാണ്. ആ നയം നടപ്പാക്കാന്‍ പണം കിട്ടാതെ വിറങ്ങലിച്ചുപോകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കേരളം പോയിക്കൊണ്ടിരിക്കുന്നത്.
Post Your Comments