Latest NewsLaw,NationalNews

വാട്‌സ്ആപ്പ് സ്വകാര്യതയുടെ സംരക്ഷകരല്ല ; രൂക്ഷവിമര്‍ശനവുമായി കേന്ദ്രം ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരമുള്ള വാട്സാപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. തര്‍ക്കപരിഹാര അവകാശങ്ങള്‍ ലംഘിക്കുന്നതിലൂടെ വാട്സാപ്പ് ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നാരോപിച്ച് പുതിയ ഐടി നിയമത്തിനെതിരെ വാട്സാപ്പ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പണമുണ്ടാക്കുന്നവര്‍ സ്വകാര്യതയുടെ സംരക്ഷകരാണെന്ന് പറയാന്‍ നിയമപരമായി യാതൊരു യോഗ്യതയുമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.

വാട്സാപ്പ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും അത് ഫെയ്സ്ബുക്കിനും തേഡ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കായി പങ്കുവെക്കുന്നു. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സേവനങ്ങളിലും ഫെയ്സ്ബുക്കിന് ഉത്തരവാദിത്വം ഉറപ്പുവരുത്തണം.

വാട്സാപ്പ് പോലുള്ള സേവനങ്ങള്‍ സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് രേഖപ്പെടുത്തണമെന്നുള്ള നിര്‍ദേശത്തിനെതിരെയാണ് പ്രധാനമായും വാട്സാപ്പ് കോടതിയെ സമീപിച്ചത്. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ധാര്‍മികവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് വാട്സാപ്പ് പറയുന്നു.

അതേസമയം, വ്യാജവാര്‍ത്തകളും രാജ്യസുരക്ഷയെയും പൊതുക്രമത്തേയും കുട്ടികളേയും സ്ത്രീകളേയും ബാധിക്കുന്ന കുറ്റകൃത്യങ്ങളും തടയുന്നതിനായി സര്‍ക്കാരിന്റെ നിയമാനുസൃതമായ താല്പര്യത്തില്‍ വിവരങ്ങളുടെ ഉറവിടം ആരാണെന്ന് തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഇന്റര്‍മീഡിയറി ചട്ടം 4(2) നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ മാറ്റി, എല്ലാഅര്‍ത്ഥത്തിലും ഉള്ളടക്കങ്ങളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിനുള്ള സംവിധാനമൊരുക്കണം. ഇല്ലെങ്കില്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രചാരവും പൊതുചുമതലയും കണക്കിലെടുത്ത് അത്തരം സംവിധാനം അവര്‍ വികസിപ്പിക്കേണ്ടതുണ്ട്, സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനും ഈ സേവനങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് പ്ലാറ്റ്‌ഫോമിന്റെ നിര്‍മിതിയുടെ പ്രശ്നമാണ്. ആ പ്രശ്നം അവര്‍ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നിയമം മാറ്റുമെന്ന് പ്രതീക്ഷിക്കരുത്. സാങ്കേതികവെല്ലുവിളികള്‍ ഉണ്ടെന്നുള്ളത് രാജ്യത്തെ നിയമം പാലിക്കാതിരിക്കാനുള്ള ഒഴിവുകഴിവായിരിക്കില്ലെന്നും കേന്ദ്രം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button