പ്രഗ്നാനന്ദയെ ആഘോഷിക്കുമ്പോള്‍ മറക്കരുത് മലയാളിയായ നിഹാല്‍ സരിനെ
Sports

പ്രഗ്നാനന്ദയെ ആഘോഷിക്കുമ്പോള്‍ മറക്കരുത് മലയാളിയായ നിഹാല്‍ സരിനെ

കൊച്ചി: ഇന്ന് കേരളക്കരയൊട്ടാകെ രമേഷ് ബാബു പ്രഗ്നാനന്ദ എന്ന അത്ഭുത ബാലനെ വാഴ്ത്തിപ്പാടുകയാണ്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം ഈ പ്രതിഭയെ ആവേശത്തോടെ വാഴ്ത്തുന്നത് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ മൂന്ന് വട്ടം തോല്‍പിച്ചതുകൊണ്ടാണ്. ആഘോഷങ്ങള്‍ വര്‍ണാഭമാവുമ്പോള്‍ മലയാളികള്‍ മറന്നുപോവുന്ന ഒരു പേരുണ്ട്- ഒമ്പത് വയസുള്ളപ്പോള്‍ പത്ത് വയസില്‍ താഴെയുള്ളവരുടെ ലോക ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയ മലയാളിയായ തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍ഡ് മാസ്റ്ററെ.

നിഹാല്‍ സരിനും തോല്‍പിച്ചിട്ടുണ്ട് മാഗ്നസ് കാള്‍സണെ, ഒന്നല്ല രണ്ടുവട്ടം. അഞ്ച് വട്ടം ലോകചാമ്പ്യനായ നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്നസ് കാള്‍സണെ ഒരിക്കല്‍ തോല്‍പിച്ചത് ഫിഡെയുടെ ഔദ്യോഗിക മത്സരത്തിലല്ലെന്ന് മാത്രം. അങ്ങിനെ വരുമ്പോള്‍ ഔദ്യോഗികമായി ഒരിക്കല്‍ മാത്രമാണ് നിഹാല്‍ സരിന്‍ കാള്‍സണെ തോല്‍പിച്ചത്. കോവിഡ് കൊടുമ്പിരികൊണ്ടിരിക്കുമ്പോല്‍ തന്റെ 17ാം വയസില്‍ തന്നെയാണ് ഒരു ഓണ്‍ലൈന്‍ മത്സരത്തില്‍ നിഹാല്‍ കാള്‍സണെ തോല്‍പിക്കുന്നത്.

2020 മെയില്‍ നടന്ന ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന് ശേഷം 2021 ഏപ്രിയില്‍ മൂന്ന് മിനിട്ട് ബ്ലിറ്റ്‌സ് മത്സരത്തിലും നിഹാലിന് മുന്നില്‍ മാഗ്നസ് കാള്‍സണ്‍ അടിയറവ് പറഞ്ഞു. ജൂലിയന്‍ ബെയര്‍ ചലഞ്ചേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ചെത്തിയ മാഗ്നസ് കാള്‍സണ് നിഹാലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദനും പെന്റാല ഹരികൃഷ്ണനും അടിയറവ് പറയിച്ചിട്ടുണ്ടെങ്കിലും നിഹാലിന്റെ വിജയത്തിന് മാറ്റേറെയാണ്.

തന്റെ ആറാം വയസില്‍ ചതുരംഗത്തോട് തുടങ്ങിയ പ്രേമം ആ കളിയുടെ രാജപദവിയിലേക്ക് ആനയിക്കുകയാണ് നിഹാലിനെ. ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത നിഹാലിനെ തളയ്ക്കാനാവാതെ തളര്‍ന്നിരിക്കുകയായിരുന്നു നിഹാലിന്റെ മാതാപിതാക്കളായ ഡോ. സരിന്‍ അബ്ദുള്‍ സലാമും ഡോ. ഷിജിന്‍ എ. ഉമ്മറും. എന്നാല്‍ വെറും 30 രൂപയ്ക്ക് നിഹാലിനെ മുത്തച്ഛന്‍ ഉമ്മര്‍ നിഹാലിനെ തളച്ചു ഒരു ചെസ് ബോര്‍ഡില്‍. മുത്തച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അടിസ്ഥാന പാഠങ്ങളുമായി മുന്നേറിയ നിഹാല്‍ ഇന്ന് ലോകത്തിന്റെ നെറുകയില്‍ തന്നെയാണ്.

ഈയടുത്ത് ചെന്നൈയില്‍ സമാപിച്ച ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നിഹാല്‍ തൃശൂരിലെത്തിയത്. ചെസിന്റെ മൂന്ന് വകഭേദങ്ങളിലും ഒരുപോലെ തിളങ്ങുന്ന പ്രതിഭയാണ് നിഹാല്‍ സരിന്‍. ബ്ലിറ്റ്‌സിലും റാപ്പിഡിലും ക്ലാസിക്കിലും ഒരുപോലെ മുന്നേറുന്ന അപൂര്‍വ പ്രതിഭ. കളി ജയിക്കുമ്പോഴെല്ലാം തഴക്കവും പഴക്കവും വന്നവരെ തോല്‍പിക്കാനാണ് നിഹാലിനിഷ്ടം. സൈമള്‍ട്ടേനിയസ് ചെസിലും നിഹാല്‍ വളരെ മുന്നിലാണ്.

ഒരേ സമയം ഒരുപാടുപേരെ ഏകനായി നേരിടുമ്പോള്‍ നിഹാല്‍ സരിന്‍ കൈവരിക്കുന്ന വേഗവും ഓര്‍മശക്തിയുമെല്ലാം അടുത്ത ലോകചാമ്പ്യനെ തന്നെയാണ് കാണിച്ചുതരുന്നത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ എതിരാളിയുടെ താളം തെറ്റിക്കുന്ന നിഹാല്‍ സരിനെ ഇന്ത്യക്കാര്‍ തിരിച്ചറിയുന്നത് 2018 കൊല്‍ക്കത്തയില്‍ നടന്ന റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ചപ്പോഴാണ്. കോട്ടയം എക്‌സെല്‍ഷിയര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ് മലയാളികളുടെ അഭിമാനതാരം.

Related Articles

Post Your Comments

Back to top button