ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞർ മഹാമാരിയുടെ പ്രഭവ കേന്ദ്രം തേടി ചൈനയിൽ.

ബെയ്ജിങ് / കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയും അന്വേഷിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ധസംഘം ചൈനയിലെ വുഹാനിൽ. വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ യുഎസ്, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്, ഖത്തർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ധരാണ് ചൈനയിൽ എത്തിയിരിക്കുന്നത്. ഈ മാസം ആദ്യം എത്താനിരുന്ന ശാസ്ത്രജ്ഞരടങ്ങിയ സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചിരുന്നു.
ചൈനയിൽ എത്തിയ വിദഗ്ധരുടെ സംഘത്തിന് രണ്ടാഴ്ചത്തെ ക്വാറൻീൻ കാലാവധിയും കോവിഡ് പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ചൈന തുടർപ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ. ക്വാറന്റീനിൽ കഴിയുമ്പോൾ ചൈനയിലെ ആരോഗ്യവിദഗ്ധരുമായി സംഘം വിഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തുന്നതാണ്.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങൾ നേരത്തെ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുകയായിരുന്ന ചൈന ഏറ്റവുമൊടുവിൽ ലോകാരോഗ്യ സംഘടനയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ പീറ്റർ ബെൻ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സംഘം കഴിഞ്ഞ ജൂലൈയിൽ ചൈനയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടം സംഘത്തോട് നിസഹകരണം കാട്ടുകയായിരുന്നു.