
വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ വനം വകുപ്പ് ഒരു വശത്ത് നടപടികള്‍ ശക്തമാക്കുന്നു. മറുവശത്താകട്ടെ വന്യജിവി അക്രമണം മൂലമുള്ള മരണസംഖ്യ ഉയരുന്നു.വന്യജീവികളെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലവത്തായിട്ടില്ലെന്നാണ് ആക്രമണങ്ങളുടെ വര്‍ധന സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം കഴിഞ്ഞ ആറുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 735 പേര്‍. അതില്‍ത്തന്നെ കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 123 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറുവര്‍ഷത്തിനിടയില്‍ 88287 വന്യജീവി ആക്രമണങ്ങളുമുണ്ടായി.
ആയിരക്കണക്കിനു പേര്‍ക്ക് പരുക്കേറ്റു. വലിയതോതില്‍ കൃഷിനാശവുമുണ്ടായി. വീടുകളും മറ്റും തകര്‍ന്നതു വേറെയും. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. അതേ സമയം
നാശനഷ്ടം നേരിട്ടവരുടെ 8000-ല്‍ അധികം നഷ്ടപരിഹാര അപേക്ഷകള്‍ സര്‍ക്കാരനു മുന്നില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. വന്യജീവികള്‍ പെറ്റുപെരുകിയതോടെ അവയ്ക്ക് കാട്ടില്‍ തീറ്റ ലഭ്യത കുറഞ്ഞിരിക്കുന്നുവെന്നാണ് മൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമായി വനംവകുപ്പ് കണ്ടെത്തിയത്. ഈ ജീവികളാണ് നാട്ടിലേക്കിറങ്ങുന്നത്.
കേരളത്തിലെ കാടുകളില്‍ ആനകള്‍ ഇരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കണക്കില്‍ 1993 ല്‍ 3500 ആനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5700 ലേറെ ആനകളായി. വര്‍ധന 63 ശതമാനത്തോളം വരും. ഇതര സംസ്ഥാനങ്ങളില്‍ ഇത്ര ഭീമമായ വന്യജീവി വളര്‍ച്ച ഇല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എറ്റവുമധികം ആനകളുള്ള അസമില്‍പ്പോലും ആനകളുടെ എണ്ണത്തിലെ വളര്‍ച്ച മൂന്നര ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിന്റെ വനമേഖലയിലേക്ക് ശല്യക്കാരായ ആനകളെ ഓടിച്ചുവിടുന്നതായും സൂചനയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. കാട്ടുപോത്ത്, കടുവ, മ്‌ളാവ്, കാട്ടുപന്നി എന്നീ മൃഗങ്ങളും പെറ്റുപെരുകിക്കഴിഞ്ഞു. 2011 ല്‍ കാട്ടുപോത്തുകളുടെ എണ്ണം 17860 ഉണ്ടായിരുന്നു. പിന്നീട് കണക്കെടുപ്പ് നടന്നിട്ടില്ല. ഇവയുടെ എണ്ണം ഇപ്പോള്‍ ഇരട്ടി കവിഞ്ഞിട്ടുണ്ടാകുമെന്നാണ് കണക്ക്.

2011 ല്‍ കാട്ടുപന്നികളുടെ എണ്ണം 68034 ആയിരുന്നു. 2018-ലെ കണക്കു പ്രകാരം കടുവകളുടെ എണ്ണം 190 ആണ്. ഒരു കടുവയ്ക്ക് 25 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വേണമെന്നാണ് ശാസ്ത്രീയമായ കണക്ക്. അതിലേക്ക് കൂടുതല്‍ എണ്ണമെത്തുമ്പോള്‍ കടുവകള്‍ ഇരതേടി കാടിറങ്ങും. അതേ സമയം വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് 29-ന് കര്‍ഷകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുകയും ദിനംപ്രതി നിരവധി കര്‍ഷകകര്‍ക്ക് പരുക്കേല്‍പ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികള്‍ നിസംഗതരായിരിക്കുന്നത് ധിക്കാരപരമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കുറ്റപ്പെടുത്തുന്നു.
ഏതു ജീവിയുടെ ആക്രമണത്തിലാണു മരണമെന്ന ഇനം തിരിച്ചുള്ള കണക്കും വകുപ്പു തയാറാക്കിയിട്ടുണ്ട്.മയില്‍ റോഡിലേക്കു ചാടിയതിനെത്തുടര്‍ന്നുള്ള ഇരുചക്ര വാഹനാപകടത്തില്‍ ഒരു മരണമുണ്ടായിട്ടുണ്ട്. ആനയുടെ ആക്രമണത്തിലും പാമ്പുകടിയേറ്റുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്.
Post Your Comments