സിക്‌സടിച്ച് വിജയം: സഞ്ജു... ദി ക്യാപ്റ്റന്‍ കൂള്‍
Sports

സിക്‌സടിച്ച് വിജയം: സഞ്ജു… ദി ക്യാപ്റ്റന്‍ കൂള്‍

ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ സീനിയര്‍ ടീം പരാജയത്തിന്റെ രുചിയറിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് എ ടീമിനെതിരെ ഇന്ത്യന്‍ എ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. അടുത്തമാസം യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ നിന്നും തന്നെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ക്ക് ബാറ്റിംഗിലൂടെ മറുപടി നല്‍കുകയും ചെയ്തു.

ന്യൂസിലന്‍ഡ് ടീമിനെ 167 റണ്‍സില്‍ എറിഞ്ഞൊതുക്കുകയും കേവലം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 ഓവറും ഒരു ബോളും ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീം ലക്ഷ്യത്തിലെത്തുകയും ചെയ്തു. അങ്ങിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റവും സഞ്ജു സൂപ്പറാക്കി. 41 ബോളില്‍ 45 റണ്‍സെടുത്ത രജത് പട്ടിദാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഷാര്‍ദുല്‍ താക്കൂറിന്റെയും കുല്‍ദീപ് സെന്നിന്റെയും ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ മൈക്കല്‍ റിപ്പോണിന്റെ ഒറ്റയാള്‍ പോരാട്ടമാണ് 167 എന്ന സ്‌കോറിലെത്തിച്ചത്. ഒരുഘട്ടത്തില്‍ 74ന് എട്ട് എന്ന അവസ്ഥയിലായിരുന്നു ന്യൂസിലന്‍ഡ്. ജോ വാല്‍ക്കറിനെ (36) കൂട്ടുപിടിച്ചാണ് റിപ്പോണ്‍ ന്യൂസിലന്‍ഡിനെ കരകയറ്റാന്‍ ശ്രമിച്ചത്. നാല് വിക്കറ്റ് നേടിയ ഷാര്‍ദുലും മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്നും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി റിതുരാജ് ഗെയ്ക്കവാദും പൃഥ്വി ഷായുമാണ് ഓപ്പണര്‍മാരായെത്തിയത്. റിതുരാജ് ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും പൃഥ്വി ഷാ നിരാശപ്പെടുത്തി. കേവലം 17 റണ്‍സ് മാത്രമാണ് ഷാ നേടിയത്. റിതുരാജ് 41 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ ത്രിപാഡി 31 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയ സഞ്ജു രജത് പട്ടിദാറുമായി 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

32 ബോളുകള്‍ നേരിട്ട സഞ്ജു 29 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് പടുകൂറ്റന്‍ സിക്‌സുകളും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിജയം സിക്‌സോടെ പൂര്‍ത്തിയാക്കി സഞ്ജു ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള തന്റെ ബെര്‍ത്തിന് കൂടുതല്‍ ശക്തമായ അവകാശവാദം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു.

Related Articles

Post Your Comments

Back to top button