തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉപേക്ഷിക്കുന്നു. ഐടി സ്ഥാപനങ്ങളിലെയും മറ്റ് ജീവനക്കാര്‍ക്കും വീടിന് സമീപം ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് എന്നിവയ്ക്ക് ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിരുന്നു.
ഇതില്‍ ടെക്നോ പാര്ക്കിന് 3.05 കോടി രൂപയാണ് അനുവദിച്ചത്. സൈബര്‍ പാര്‍ക്കിനും ഇന്‍ഫോ പാര്‍ക്കിനും ഓരോ കോടി രൂപ വീതവും അനുവദിച്ചു. പദ്ധതി ഉപേക്ഷിച്ചതോടെ ടെക്നോ പാര്ക്കിന് നല്കിയ തുക വകമാറ്റി സംരക്ഷണ ഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് വലിയ പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ടാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതി അവതരിപ്പിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം എന്ന ശൈലിയിലേയ്ക്ക് ചുവടുമാറ്റിയതോടെയാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമില്ലാത്തവര്‍ക്ക് പ്രയോജനപ്പെടുത്താനായാണ് വര്‍ക്ക് നിയര്‍ ഹോം എന്ന ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് അവിടെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു ധാരണ.
ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് വാടക നല്കി ഈ സൗകര്യം പ്രയോജനപ്പെടുത്താം. വരുമാനം സര്‍ക്കാരിനും സംരംഭകനും ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനം വീണ്ടും കോവിഡ് തരംഗത്തിലേയ്ക്ക് വഴിമാറുന്ന സാഹചര്യമാണ് മുന്നിലുള്ളത്. മറ്റൊരു ലോക്ക് ഡൗണിന് കൂടിയുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം പോലെയുള്ള തൊഴില്‍ രീതികള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
Post Your Comments