ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ശ്രീകാന്ത് ഫൈനലില്‍
NewsSports

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ശ്രീകാന്ത് ഫൈനലില്‍

സ്‌പെയിന്‍: ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. ഇന്നലെ നടന്ന സെമി ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ ലക്ഷ്യസെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് എത്തിയത്.

കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ 17-21ന് ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമുകള്‍ യഥാക്രമം 21-14, 21-17ന് സ്വന്തമാക്കി ശ്രീകാന്ത് കലാശപ്പോരിന് യോഗ്യത നേടിയത്. തോറ്റെങ്കിലും സെമിയിലുള്‍പ്പെടെ തകര്‍പ്പന്‍ പോരാട്ടം പുറത്തെടുത്ത യുവതാരം ലക്ഷ്യസെന്നിന് വെങ്കലം ലഭിക്കും. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റിക്കോര്‍ഡ് ഇരുപതുകാരനായ ലക്ഷ്യയ്ക്ക് സ്വന്തം.

ഫൈനല്‍ പ്രവേശനത്തിലൂടെ 28കാരനായ ശ്രീകാന്ത് വെള്ളി ഉറപ്പാക്കി കഴിഞ്ഞു. ഇന്നാണ് ഫൈനല്‍. പ്രകാശ് പാദുകോണും സായ് പ്രണീതുമാണ് ശ്രീകാന്തിനേയും ലക്ഷ്യ സെന്നിനേയും കൂടാതെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍. ക്വാര്‍ട്ടറില്‍ ചൈനയുടെ സ്വോ ജുന്‍ പെംഗിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 21-15, 15-21, 22-20ന് കീഴടക്കിയാണ് ലക്ഷ്യ സെമിയില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ് താരം മാര്‍ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-8, 21-7ന് അനായാസം വീഴ്ത്തിയാണ് ശ്രീകാന്ത് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

Related Articles

Post Your Comments

Back to top button