സീറോ കോവിഡ് നിയന്ത്രണം: ചൈനയില്‍ ഐഫോണ്‍ തൊഴിലാളികളും പോലീസും ഏറ്റുമുട്ടി
NewsWorld

സീറോ കോവിഡ് നിയന്ത്രണം: ചൈനയില്‍ ഐഫോണ്‍ തൊഴിലാളികളും പോലീസും ഏറ്റുമുട്ടി

ഷെങ്ഷൗ: പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്ന സീറോ കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയില്‍ പോലീസും തൊഴിലാളികളും തമ്മില്‍ നിയന്ത്രണത്തിന്റെ പേരില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. ഐഫോണ്‍ ഫാക്ടറിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ തടയാന്‍ ചെന്ന പോലീസുമായി തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചതിനാലും പലരെയും മര്‍ദിച്ചതിനാലുമാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ പറയുന്നത്. ചില വീഡിയോകളില്‍ സ്ത്രീകളെ അടക്കം തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും കൈയും കാലും കെട്ടിയിട്ടശേഷം തലയ്ക്ക് ചവിട്ടി പിടിച്ചിരിക്കുന്ന പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരെയും കാണാം.

ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ പ്രദേശം മുഴുവനും അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ കോവിഡ് പോളിസി. ഇത്തരത്തില്‍ ഒരു പ്രദേശം അടച്ചുപൂട്ടുമ്പോള്‍ അവിടെ അവശ്യസാധനങ്ങള്‍ പോലും വിതരണം ചെയ്യുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കഴിഞ്ഞമാസം ഫോക്‌സ്‌കോണ്‍ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു.

തുടര്‍ന്ന് തൊഴിലാളികളെ കമ്പനി നിര്‍ബന്ധിതമായി ക്വാറന്റൈന്‍ ചെയ്യിച്ചതായും വീടുകളിലേക്ക് തിരിച്ചയച്ചതായും തൊഴിലാളികള്‍ പറയുന്നു. ക്വാറന്റൈന്‍ ചെയ്യിച്ചപ്പോള്‍ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ തരാന്‍ കമ്പനി തയാറായില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പിന്നീട് രോഗം കുറഞ്ഞപ്പോള്‍ കൂടുതല്‍ ബോണസ് വാഗ്ദാനം ചെയ്ത് കമ്പനി തൊഴിലാളികളെ തിരിച്ചുവിളിക്കുകയും പുതിയ തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു തൊഴിലാളി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Related Articles

Post Your Comments

Back to top button