പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി / സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനു ള്ള സംവിധാനവും രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി എല്ലാ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. നർകോടിക്സ് കണ്ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി അറിയിച്ചു. വിഡിയോ, ഓഡിയോ റെക്കോഡിങ്ങുകൾ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. രാത്രി കാഴ്ച സംവിധാനമുള്ള സിസിടിവികൾ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ഒരു കസ്റ്റഡി മർദനക്കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക പരാമർശം ഉണ്ടായിരിക്കുന്നത്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ ഈ ഉത്തരവ്. ഒരു പരാതി യുടെ അടിസ്ഥാനത്തിലോ അല്ലാതെയോ കുറ്റാരോപിതനാകുന്ന ഒരു പൗരന് ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനായാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. 2018ൽ പോലീസ് സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ഇതുവരെ നടപ്പിലാക്കാത്തതിൽ ജഡ്ജി നീരസം അറിയിച്ചു.
ഓരോ സംസ്ഥാനത്തും ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങളും സംസ്ഥാന സർക്കാരുകൾ ആണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന മുറികൾ, ലോക്കപ്പുകൾ, അകത്തേക്കും പുറത്തേക്കമുള്ള വഴികൾ, വരാന്തകൾ, റിസപ്ഷൻ, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, എന്നിവിടങ്ങളിലെല്ലാം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ‘മിക്കവാറും എല്ലാ അന്വേ ഷണ ഏജൻസികളും അവരുടെ ഓഫിസുകളിൽവച്ചു തന്നെയാണ് ചോദ്യം ചെയ്യൽ നടത്തി വരുന്നത്. അതിനാൽതന്നെ കുറ്റാരോപിതനെ ചോദ്യം ചെയ്യൽ നടക്കുന്ന എല്ലാ ഇടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.’ സുപ്രീം കോടതി പറഞ്ഞു. ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചി ട്ടുണ്ട്. സിസിടിവി ക്യാമറകൾ സഥാപിക്കുന്നതിന് ഫണ്ട് അനുവദി ക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകി. ജനുവരി 27 ന് ഇതു സംബന്ധിച്ച് കേസ് കോടതി വീണ്ടും പരിഗണിക്കുന്നതാണ്.