

ഒരു റസിഡന്റ് ഡോക്ടർ എഴുതിയ ഊമക്കത്തിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി. 400 ഓളം കോവിഡ് രോഗികള്‍ മരിച്ച അഹ്മദാബാദിലെ ഗവ. സിവില്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ ഒരൊറ്റ സർക്കാർ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്താതെ അന്വേഷണവിധേയമാക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സ്വതന്ത്ര ഡോക്ടര്‍മാരുടെ സമിതി രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സമിതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആശുപത്രിയുമായി ബന്ധപ്പെട്ടവരോ ഉൾപ്പെടുത്തരുതെന്നു കോടതി ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രിയുടെ മോശം നടത്തിപ്പിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജഡ്ജിമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നും സൂചനയും നല്‍കിയിട്ടുണ്ട്. ‘സിവില്‍ ആശുപത്രി അധികൃതര്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുക. ഇത് എല്ലാ വിവാദങ്ങള്‍ക്കും അറുതി വരുത്തും” -ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല പറഞ്ഞു. ആശുപത്രിയിലെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ഒരു റസിഡന്‍റ് ഡോക്ടര്‍ ആണ് കോടതിക്ക് ഊമക്കത്ത് എഴുതിയത്. ഈ കത്തിന് യാതൊരു പ്രാധാന്യവും നല്‍കരുതെന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു വസ്തുതയും ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം. എന്നാല്‍, കത്ത് അങ്ങനെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്ന് കോടതി അഭിപ്രായപെടുകയായിരുന്നു.
”ആ അജ്ഞാത ഡോക്ടര്‍ ആരോപിച്ച കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും കത്തിന്റെ ഉള്ളടക്കം വളരെ സൂക്ഷ്മമായി പരിശോധിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഇത് ചവറ്റുകുട്ടയില്‍ തള്ളിക്കളഞ്ഞതായി തോന്നുന്നു’ കോടതി പറഞ്ഞു.
Post Your Comments