അഭയയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന് അധ്യാപികയും, ഫോട്ടോഗ്രാഫറും, രാജ്യം ഉറ്റുനോക്കുന്ന വിധി ഇന്ന്

തിരുവനന്തപുരം/ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണക്കൊടുവിൽ അഭയകൊലക്കേസില്‍ ഇന്ന് വിധി ഉണ്ടാവുകയാണ്. അഭയ കൊലപ്പെട്ട് 28 വർഷങ്ങൾക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിർണായക വിധി വരുന്നത്. പ്രതികളുടെ വഴിവിട്ട ബന്ധം കണ്ട അഭയയെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കിണറ്റില്‍ ഉപേക്ഷിച്ചുവെന്ന സി.ബി.ഐ കേസിലാണ് ഇന്ന് കോടതി വിധി പറയുക.
സിസ്റ്റർ അഭയ കേസിൽ വിധി വരാനിരിക്കെ രണ്ടു വെളിപ്പെടുത്തലുകളാണ് ഏറ്റവും ഒടുവിലായി ഉണ്ടായത്. ഫോട്ടോഗ്രാഫർ ചാക്കോ വർഗീസിന്റെയും,അഭയയുടെ അദ്ധ്യാപിക ത്രേസ്യാമ്മയുടെയും ആണവ. അഭയയുടെ കഴുത്തിൽ നഖം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നുവെന്നാണ് കേസിലെ ഏഴാം സാക്ഷിയായ ചാക്കോ പറഞ്ഞിരിക്കുന്നത്. മൃതദേഹത്തിന്റെ ആദ്യ ഫോട്ടോ എടുത്തത് ചാക്കോയായിരുന്നു. മുറിവ് വ്യക്തമാകുന്ന നാല് ഫോട്ടോകൾ നശിപ്പിക്കപ്പെട്ടുവെന്നും, ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ചിത്രങ്ങൾ നശിപ്പിച്ചതെന്നും ചാക്കോ ആരോപിക്കുന്നുണ്ട്. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്നും, അത് ഫോട്ടോ എടുക്കാൻ പൊലീസുകാർ സമ്മതിച്ചില്ലെന്നും ചാക്കോ പറഞ്ഞിട്ടുണ്ട്. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്. കേസിൽ മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടായിരുന്നതാ യിട്ടാണ് അഭയയുടെ അദ്ധ്യാപിക ത്രേസ്യാമ്മ പറയുന്നത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.