മകളെ സ്‌കൂളില്‍ ചേര്‍ക്കാത്തതിനും തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും അച്ഛനെതിരെ നടപടി
ദുബൈ: മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്‌കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ കേസ്. കേസ് കുടുംബ കോടതിയിലേക്ക് കൈമാറിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അച്ഛനെതിരെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ രണ്ട് കുറ്റകൃത്യങ്ങളും യുഎഇയിലെ ബാലാവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.
അതേസമയം കുട്ടികള്‍ക്കെതിരായ 103 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 17 കേസുകള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും, 14 കേസുകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചതിനുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കേണ്ടതും മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും അവശ്യ സേവനങ്ങള്‍ക്ക് വിവേചനമില്ലാതെ തുല്യ അവസരം നല്‍കേണ്ടതും നിര്‍ബന്ധമാണെന്ന് ദുബായ് പൊലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മുര്‍ വ്യക്തമാക്കി.