ജൂനിയർ ഗുസ്തി താരം സാഗർ ധൻകഡിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
ന്യൂഡെൽഹി: തർക്കത്തെ തുടർന്ന് ഛത്രസാൽ സ്റ്റേഡിയത്തിൽ ജൂനിയർ ഗുസ്തി താരം സാഗർ ധൻകഡിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. 22കാരനായ അനിരുദ്ധ് ആണ് അറസ്റ്റിലായതെന്ന് മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഒളിമ്പ്യൻ സുശീൽ കുമാർ അടക്കം ജയിലിലായ കേസിൽ, അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് അനിരുദ്ധ്. സുശീൽ കുമാറിന്റെ സഹായിയും ഗുസ്തി താരവുമാണ് അനിരുദ്ധെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ഗുസ്തി താരമാണെന്നും കരിയർ തുടരാൻ ഫിറ്റ്‌നസ് നിലനിർത്താൻ സഹായിക്കുന്ന പ്രത്യേക ഭക്ഷണങ്ങൾ അനുവദിക്കണമെന്നുമുള്ള സുശീൽ കുമാറിന്റെ ഹരജി കോടതി തള്ളിയിരുന്നു. പ്രത്യേകം തയാറാക്കിയ ഭക്ഷണം കൂടാതെ പ്രോട്ടീൻ, ഒമേഗ-3 ക്യാപ്‌സൂളുകൾ, മൾട്ടിവൈറ്റമിൻ ജി.എൻ.സി തുടങ്ങിയവയാണ് സുശീൽ ആവശ്യപ്പെട്ടിരുന്നത്. സാഗർ ധൻകഡിനെ കൊലപ്പെടുത്തിയതിന് മേയ് 22നാണ് സുശീൽ കുമാർ അറസ്റ്റിലായത്.