ഗംഗാ നദിയിൽ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; കടത്തുകാരന് വഞ്ചി സമ്മാനിച്ച് ഉത്തർപ്രദേശ് സർക്കാർ
നദികളിലൂടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ പല വസ്തുക്കളും ഒഴുകിയെത്താറുണ്ട്. അത്തരത്തിൽ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ അലങ്കരിച്ച പെട്ടി തുറന്നു നോക്കിയ ഒരാൾക്ക് ലഭിച്ചത് ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഗംഗാ നദിയിൽ നിന്നും മരപ്പെട്ടിയിൽ ഒഴുകിയെത്തിയ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ രക്ഷപ്പെടുത്തിയ കടത്തുകാരന് പുതിയൊരു വഞ്ചി വാങ്ങി നൽകാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. വഞ്ചിക്കാരനായ ഗുല്ലു ചൗധരി എന്നയാളാണ് 21 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഗംഗാ നദിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. പുതിയ വഞ്ചി നൽകുന്നതിനു പുറമേ അർഹമായ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാർ ഇയാൾക്ക് സഹായം നൽകും. ഗംഗാ നദിയിൽ നിന്നും കണ്ടെത്തിയ കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും രക്ഷപ്പെടുത്തിയ ആൾക്ക് സർക്കാർ പദ്ധതികളിൽ നിന്നും സഹായം നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഗാസിപൂർ ജില്ലാ മജിസ്ട്രേറ്റ് എം പി സിംഗ് ദാദ്രി ഗാട്ടിലുള്ള ചൗധരിയുടെ വീട് സന്ദർശിച്ചിരുന്നു. ചൗധരിയുടെ സാമ്ബത്തിക സ്ഥിതിയെ പറ്റി അന്വേഷിച്ച ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിന് വീട് സ്വന്തമായുണ്ടെന്ന് കണ്ടെത്തിയതായി ഡിവിഷണൽ കമ്മീഷണറായ ദീപക് അഗർവാൾ പറഞ്ഞു. അതിനാൽ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി സഹായം നൽകാനാവില്ല. എന്നാൽ, മറ്റൊരാളുടെ വള്ളം തുഴഞ്ഞാണ് ഗുല്ലു ചൗധരി നിത്യവൃത്തി മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിനാൽ ഇയാൾക്ക് പകരമായി മറ്റൊരു വഞ്ചി വാങ്ങി നൽകാൻ സർക്കാർ തീരുമാനിച്ചുവെന്ന് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.
അതേസമയം തന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് തരണം എന്നാണ് ചൗധരി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. നിലവിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ഈ റോഡിനുള്ളത്. ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും ചെയ്തു.