കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചു: ജനങ്ങൾ കാണുന്നത് തടയാൻ ടിൻ ഷീറ്റുകൊണ്ട് വേലികെട്ടി തിരിച്ചു: സംഭവത്തിൽ വൻ വിവാദം
ലക്നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ചവരുടെയുൾപ്പടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചത്തിൽ വൻ വിവാദം. പൊതുജനങ്ങൾ ഈ കാഴ്ച കാണുന്നത് തടയാൻ ടിൻ ഷീറ്റുകൊണ്ട് വേലികെട്ടി തിരിച്ചു. ഉത്തർപ്രദേശ് ലക്നൗവിലെ ബയ്കുന്ധ് ധാം ശ്മശാനത്തിലാണ് ഈ സംഭവം.
ലക്നൗ നഗരത്തിൽ കൊറോണ ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുകയാണ്. മുൻപ് ശ്മശാനത്തിൽ നിരവധി കൊറോണ രോഗികളെ സംസ്കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ജനങ്ങൾ സംസ്ഥാന സർക്കാരെടുക്കുന്ന കൊറോണ പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് പ്രാദേശിക ഭരണകൂടം ശ്മശാനം വേലികെട്ടി മറച്ചത്.
ലക്നൗവിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധി നേടുകയാണിപ്പോൾ. ആശുപത്രികളിൽ രോഗികൾക്ക് മതിയായ കിടക്കകൾ ലഭിക്കുന്നില്ല. ശ്മശാനങ്ങളിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറുന്നു. വലിയ ശ്മശാനമായ ബയ്കുന്ധ് ധാമിൽ പോലും സംസ്കരിക്കാൻ വിറകിന് ക്ഷാമം നേരിടുന്നു.
സർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചത്. ആവശ്യത്തിന് ആശുപത്രികൾ നിർമ്മിക്കാൻ സർക്കാർ ഇത്രയും ഉത്സാഹിച്ചിരുന്നെങ്കിൽ ഇപ്പോൾ മതിൽ കെട്ടി കാഴ്ച മറയ്ക്കേണ്ടി വരുമോയെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ചോദിച്ചു.