മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് ബിവറേജസ് ജീവനക്കാരൻ ചുവന്നമഷി കൊണ്ട് വെട്ടി; നോട്ടുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി നൽകിയ 500 ന്റെ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് ജീവനക്കാരൻ ചുവന്ന മഷിയിൽ വരച്ചു വിട്ടു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ ദിലീപ് മഞ്ച് നോട്ടുമായി നേരെ തൊട്ടടുത്തുള്ള പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തി. തനിക്ക് അയിരൂപ്പാറ സ്വദേശിയായ കരാറുകാരനാണ് നോട്ട് നൽകിയതെന്നാണ് ദിലീപ് മഞ്ച് പൊലീസിനെ അറിയിച്ചത്. ഇതോടെ പൊലീസ് കരാറുകാരനെ തേടിയെത്തി.
നോട്ടുകൾ തനിക്ക് നൽകിയത് മറ്റൊരു വ്യക്തിയെന്നാണ് കരാറുകാരൻ പറയുന്നത്. നോട്ടിന്റെ ഉറവിടം തേടി പൊലീസും അലയുകയാണ്. കള്ളനോട്ടാണെങ്കിൽ ബിവറേജസ് ജീവനക്കാരൻ കയ്യോടെ പൊലീസിൽ ഏൽപിക്കേണ്ടതായിരുന്നു. എന്നാൽ അതിനു പകരം ചുമന്ന മഷിപ്പേന കൊണ്ട് വരച്ചു വിടുകയായിരുന്നു. നോട്ട് കള്ളനോട്ടാണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് ഏതെങ്കിലും അംഗീകൃത ബാങ്കായിരിക്കണം എന്നാണ് പറയുന്നത്.
പോത്തൻകോട്ട് കള്ള നോട്ടുകളുമായി ബന്ധപ്പെട്ട് സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നും രണ്ടുപേരെ അറസ്റ്റും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംഭവം നിസാരവൽക്കരിക്കാനാകില്ല. നോട്ട് കള്ളനോട്ടാണോ എന്നകാര്യത്തിലാണ് ഇനി ഉറപ്പു വരുത്തേണ്ടത്. 2013-14 ൽ പുലർച്ചെ തുടങ്ങുന്ന പോത്തൻകോട് പൊതുചന്തയിൽ ആടു വിൽപനക്കാരിലൂടെ കള്ളനോട്ട് കൈമാറ്റം നടക്കുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്ന് കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.