കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഇടതുമുന്നണി പെട്ടിക്കുള്ളിലാക്കും.

കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഇടതുമുന്നണിയുടെ പെട്ടിക്കുള്ളിലാക്കാൻ സിപിഎമ്മിന്റെ നീക്കം തുടങ്ങി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുഡിഎഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ ഇടപെടില്ലെന്നും കോടിയേരി ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു.
വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്യും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെന്ന് കോടിയേരി മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറയുന്നു. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പും തെളിയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാതിരുന്നത് ശ്രദ്ധേയമായ ഒരു രാഷ്ട്രീയ സംഭവവികാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നൽകുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി പക്ഷം യുഡിഎഫി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ നിലവിൽ യുപിഎയുടെ ഘടകകക്ഷിയാണ്. ഈ സാഹചര്യത്തിലാണ്, കക്ഷി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും എന്നതുമാണ് ശ്രദ്ധേയം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതായി യു ഡി എഫ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് കോടിയേരിയുടെ ലേഖനം നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത്, സെക്രട്ടറിയേറ്റിലെ ദുരൂഹത നിറഞ്ഞ തീപിടുത്ത സംഭവം എന്നിവക്കിടെ സർക്കാർ ആകെ ത്രിശങ്കു സ്വർഗ്ഗത്തിലിരിക്കുമ്പോഴുള്ള ഈ ലേഖനത്തിനു പിന്നിൽ ജനശ്രദ്ധ തിരിക്കുക എന്ന രാഷ്ട്രീയ ലക്‌ഷ്യം കൂടി ഉണ്ടെന്നാണ് ഇത് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അയ്യന്‍കാളിയുടെ സാമൂഹ്യപരിഷ്കരണങ്ങളെകുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനത്തില്‍ പിന്നീട് എങ്ങനെയാണ് അയ്യന്‍കാളിയുടെ സ്വപ്നത്തെ പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും പറഞ്ഞിരിക്കുന്നു. അയ്യൻകാളിയുടെ സ്വപ്നമായിരുന്നു അരികുവൽക്കരിക്കപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസവും പാർപ്പിടവും ലഭിക്കുകയെന്നതും ആരാധനാ സ്വാതന്ത്ര്യവും എന്ന് പറയുമ്പോൾ, ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ വലിയൊരു അളവുവരെ വിജയിച്ചതായും സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുകയാണ്. ലൈഫ് പദ്ധതിയും വിദ്യാലയ ആധുനികവൽക്കരണവും ദളിതരെ ക്ഷേത്രപൂജാരികളായി നിയമിച്ചതും ആ വഴിത്താരയിലെ വഴിവിളക്കുകളാണ് എന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. ഇത്തരമൊരു സര്‍ക്കാരിനെതിരെയാണ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു അവിശ്വാസപ്രമേയവുമായി എത്തിയത്. അതോടെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലായത് യുഡിഎഫ് ആണെന്ന് ലേഖനത്തിൽ കോടിയേരി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.