വൈറ്റില മേൽപ്പാലം യാഥാർത്ഥ്യമായിട്ടും ഗതാഗത കുരുക്കിന് അറുതിയില്ല.

കൊച്ചി /കൊച്ചി നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാത്ത് കാത്തിരുന്ന വൈറ്റില മേൽപ്പാലം യാഥാർത്ഥ്യമായിട്ടും വൈറ്റിലയിലെ ഗതാഗത കുരുക്കിന് അറുതിയായില്ല. പാലം തുറന്ന ശനിയാഴ്ച രാത്രി 11 മണിവരെയും വൈറ്റിലയിലേക്കുള്ള റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരതന്നെയായിരുന്നു.
കടവന്ത്രയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പുതിയ സിഗ്നലിൽ സമയം കുറവാണ് കൊടുത്തിരിക്കുന്നത്. ട്രാഫിക് എയ്ഡ് പോസ്റ്റും ഡിവൈഡറും ഒക്കെ കടന്നു ഇടുങ്ങിയ ജംഗ്ഷനിൽ രണ്ട് വരിയിൽ വാഹനങ്ങൾക്ക് കടന്നു പോവുക എന്നത് ശ്രമകരമായ ദൗത്യം തന്നെ. ഗതാഗതം തടസത്തിനു മുഖ്യ കാരണം ഇതെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. വീണ്ടും ഗതാഗത തടസമെന്ന പരാതി ഉണ്ടായതോടെ പാലത്തിനടിയിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ക്രോസിംഗ് പോലീസ് അടച്ചെങ്കിലും ഫലമൊന്നും ഇല്ല.
ഒരാഴ്ച ഗതാഗതക്കുരുക്കിന് പരീക്ഷണ കാലമായിട്ടാണ് ട്രാഫിക് അധികൃതർ വിധിയെഴുതിയിരിക്കുന്നത്. തുടർന്ന് പ്രശ്നം എങ്ങനെ തീർക്കാമെന്ന് ചർച്ച ചെയ്യാൻ ട്രാഫിക്ക് കമ്മീഷണർ പിഡബ്ല്യുഡിക്ക് കത്തയച്ചിരിക്കുകയാണ്. വൈറ്റില ജംഗ്ഷനിലെ പുതിയ ട്രാഫിക് സംവിധാനവുമായി യാത്രക്കാർ പരിചയിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ട്രാഫിക് പോലീസ് ഇതിനു വിശദീകരണമായി പറയുന്നത്.