ജോജു ഹര്‍ജിയുമായി കോടതിയില്‍; ഒത്തുതീര്‍പ്പിലേക്കെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്നു
കൊച്ചി: സിനിമ നടന്‍ ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പിലേക്കെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയുണ്ടായ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വന്‍ സംഘര്‍ഷമായി തീര്‍ന്ന സംഭവത്തില്‍ തെറ്റ്പറ്റിയെന്ന് ഇരുകൂട്ടരും സമ്മതിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞതിന് പിന്നാലെയാണ് ജോജു കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ് ഹര്‍ജി നല്‍കി.
എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജി. ജോസഫിന്റെ ജാമ്യഹര്‍ജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. തന്റെ മാതാപിതാക്കള്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷം എറെ വേദനയുണ്ടാക്കിയെന്നും ജോജു അറിയിച്ചിരുന്നു. ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുവച്ച് മണിക്കൂറുകളോളം ഉപരോധിച്ചു.
രോഗികളടക്കം റോഡില്‍ കുടുങ്ങിപ്പോയി. ഈ സമയത്താണ് താന്‍ പ്രതികരിച്ചത്. ഇതിനെതിരെ തന്റെ വാഹനം ആക്രമിച്ച് തകര്‍ത്തു. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ജോജു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാഹനം ആക്രമിച്ചതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
വാഹനം തടഞ്ഞു നിര്‍ത്തി ഡോര്‍ ബലമായി തുറന്ന് ജോജുവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നാണു കേസ്. ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൈക്കൂടം സ്വദേശി പി.ജി. ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിത നേതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പായെന്നാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചത്. കോണ്‍ഗ്രസുകാര്‍ നല്‍കിയ പരാതി പോലീസ് തന്നെ തള്ളിയതോടെ അനുരഞ്ജനത്തിന് നീക്കം നടത്തുകയാണെന്ന് നേതാക്കള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. ഇത് ഏകദേശം ശരിവയ്ക്കുന്നതാണ് ജോജുവിന്റെ ഇപ്പോഴത്തെ നടപടി.