ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രീതിയില്‍ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും.
പാഠപുസ്തകങ്ങളുടെ അച്ചടി നടക്കുന്നതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസങ്ങളില്‍ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. രോഗികള്‍ അധികമുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
അതേസമയം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതിനെ തുടര്‍ന്ന് ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗ നിരക്കിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇളവുകള്‍ തുടരേണ്ടതുണ്ടോ എന്നുളള സംശയങ്ങളും ഉയരുന്നുണ്ട്്. എന്നാല്‍ ഓണക്കാലത്ത് രോഗപ്പകര്‍ച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.