താലിബാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ നീങ്ങാന്‍ ചൈന
കാബൂള്‍: താലിബാന് ഭീകരര്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യയ്ക്കെതിരെ നീങ്ങാന്‍ ചൈനീസ് നീക്കം. താലിബാന് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ രാജ്യമാണ് ചൈന. പിന്തുണയ്ക്കൊപ്പം സാമ്പത്തിക, സൈനിക സഹായങ്ങളും അവര്‍ താലിബാന് വാഗ്ദാനം ചെയ്തു. ഇപ്പോള്‍ അഫ്ഗാനില്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ചിരിക്കുകയാണ് ചൈന. തന്ത്രപ്രധാനമായ ബാഗ്രാം വ്യോമത്താവളത്തില്‍ കഴിഞ്ഞദിവസം നിരവധി ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയെന്നാണ് മാധ്യമറിപ്പോര്‍ട്ട്.
അഫ്ഗാനില്‍ താലിബാന് അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് ഇവിടെ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തത്. ബാഗ്രാം വ്യോമതാവളം ചൈന ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞ നിക്കി ഹാലെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നില്‍ ചൈനയ്ക്ക് ചില പ്രധാന ലക്ഷ്യങ്ങളുണ്ട്. വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കാന്‍ കാബൂളിന് തൊട്ടരികെയുള്ള ഈ കേന്ദ്രത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലിരിക്കേണ്ടത് ചൈനയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമാണ്.
താലിബാന് അധികാരം പിടിച്ച ഉടനെ ചൈനീസ് പ്രതിനിധി സംഘം ബാഗ്രാം വ്യോമതാവളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സിയുടെയും സൈന്യത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പാക്കിസ്ഥാന്റെ സഹായവും ലഭിച്ചിരുന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമായ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഒരു ഇന്റലിജന്‍സ് സെന്റര്‍ അഫ്ഗാനില്‍ നിര്‍മിക്കണമെന്നത് ചൈനയുടെ ഏറെ നാളെത്തെ ആഗ്രഹമാണ്.
അമേരിക്ക പിന്മാറിയതോടെ അത് യാഥാര്‍ഥ്യമാക്കാനാണ് ചൈനയുടെ ശ്രമം. ബാഗ്രാം വ്യോമതാവളം അതിന് ഏറ്റവും പറ്റിയ ഇടമായാണ് ചൈന കാണുന്നത്. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വിദേശകാര്യവിദഗ്ധര്‍ വിലയിരുത്തുന്നു.