കൂടുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമായിരുന്നു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍കാരിന്റെ റേഷന്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ 20 കുട്ടികളെങ്കിലും കുടുംബത്തില്‍ ഉണ്ടാകണമായിരുന്നു എന്നാണ് റാവത്ത് പറഞ്ഞതെന്ന് എ എന്‍ ഐ റിപോര്‍ട് ചെയ്തു.
പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമായിരുന്നുവെന്നാണ് പരാമര്‍ശം. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന വഴി എല്ലാ വീട്ടലേക്കും അഞ്ച് കിലോയുടെ റേഷന്‍ നല്‍കുന്നുണ്ട്. വീട്ടില്‍ പത്ത് പേരുണ്ടങ്കില്‍ 50 കിലോ റേഷന്‍ ലഭിക്കും. 20 പേരാണങ്കില്‍ ഒരു ക്വിന്റല്‍ ലഭിക്കും. എന്തുകൊണ്ട് ചിലര്‍ക്ക് പത്ത് കിലോ കൊടുക്കുന്നു, ചിലര്‍ക്ക് ക്വിന്റല്‍ കൊടുക്കുന്നു എന്ന് ചോദിച്ച് ചിലര്‍ അസൂയപ്പെടുന്നു. നിങ്ങള്‍ക്ക് സമയമുണ്ടായിരിക്കേ ഇരുപത് കുട്ടികളെ പ്രസവിക്കുന്നതിന് പകരം രണ്ട് പേരെ പ്രസവിച്ചതാണ് ഈ വ്യത്യാസത്തിന് കാരണമെന്നും തിരത് റാവത്ത് പറഞ്ഞു.
നേരത്തെയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു തിരത് സിംഗ് റാവത്ത്. കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നും, അത് ധരിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും നേരത്തെ റാവത്ത് ചോദിച്ചിരുന്നു.