വിലാപയാത്രയ്ക്കിടെ അപകടങ്ങള്‍

കോയമ്പത്തൂര്‍: ഇന്നലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 ജവാന്മാരുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വാഹനാപകടങ്ങള്‍. വെല്ലിംഗ്ടണ്‍ പരേഡ് ഗ്രൗണ്ടില്‍ നിന്നും സൂലൂരിലെ വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്. കൂനൂരില്‍ നിന്നും സൂലൂരിലേക്കുള്ള യാത്രയ്ക്കിടെ മേട്ടുപാളയത്തെത്തിയപ്പോളാണ് അപകടം. വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ എന്ജിനുമായുള്ള കണക്ഷന് വിട്ടുപോയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
പത്ത് പോലീസുകാര്‍ക്ക് നിസാരമായ പരിക്കേറ്റു. ഇവരെ കൂടെയുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കുമാറ്റി. വിലാപയാത്ര തുടരവെ സൈനികന്റെ മൃതദേഹം വഹിച്ച ഒരു ആംബുലന്‍സ് കൂടെയുണ്ടായിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ച് വേറെ ഒരപകടം കൂടെയുണ്ടായി. തുടര്‍ന്ന് സൈനികന്റെ മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി വിലാപയാത്ര മുന്നോട്ടു പോയി. വിലാപയാത്രയ്ക്കിടെ നടന്ന രണ്ട് അപകടങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രണ്ടാമത്തെ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.