Kerala NewsLatest NewsNews

കെ വി പീതാംബരൻ (69) അന്തരിച്ചു.

ഡിവൈഎഫ്ഐയുടെ ആദ്യ തൃശൂർ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഐ എം നേതാവുമായ കെ വി പീതാംബരൻ (69) അന്തരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കുറച്ചു നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 1130ന് അമല മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

നാട്ടിക കാഞ്ഞിരപ്പറമ്പിൽ വേലായുധൻ–കൗസല്യ ദമ്പതികളുടെ മകനായ പീതാംബരൻ ബീഡിത്തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്. 1980ൽ ഡിവൈഎഫെ്ഐ രൂപീകരണത്തോടെ ആദ്യ ജില്ലാ സെക്രട്ടറിയായി. 1967ൽ 17–ാം വയസ്സിൽ പാർടി അംഗത്വത്തിലെത്തി. 12 വർഷം ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒമ്പതുവർഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. 1989ൽ റഷ്യ സന്ദർശിച്ച യുവജനസംഘത്തിന്റെ തലവനായിരുന്നു. ജില്ലാപഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പാർലമെന്ററി രംഗത്തും മികവു തെളിയിച്ചിട്ടുണ്ട്.ബീഡി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ, ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സംഘടനകളുടെ ജില്ലാ ട്രഷറർ, 25വർഷം ട്രിച്ചൂർ കോട്ടൺമിൽ ലേബർ യൂണിയൻ സെക്രട്ടറി, ടെക്സ്റ്റൈൽ കോർപറേഷൻ ഭരണസമിതി അംഗം തുടങ്ങി തൊഴിലാളി യൂണിയൻ രംഗത്തും പ്രവർത്തിച്ചിരുന്നു. നാട്ടിക ഫർക്ക സഹ. റൂറൽ ബാങ്ക് റിട്ട. ജീവനക്കാരി സരസുവാണ് ഭാര്യ. മക്കൾ: ഗായത്രി (സെക്രട്ടറി, തൃശൂർ ജില്ലാ എൻആർഐ സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്ക്), അശ്വതി(നേഴ്സ്, കൊടുങ്ങല്ലൂർ താലൂക്കാശുപത്രി), ആരതി(ബിആർസി, കയ്പമംഗലം). മരുമക്കൾ: സുനിൽരാജ് (ഗൾഫ്), ശരത് (കേരള പൊലീസ്, വടക്കേകര സ്റ്റേഷൻ), ശ്രീനാഥ് (ഗൾഫ്). സഹോദരങ്ങൾ: രമണി, കമല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button