വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി; കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍. നിരവധി വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലാണ് പേര് വെളിപ്പെടുത്താത്ത പരാതി വന്നത്. പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനമാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. ഇതില്‍ വന്ന പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഹാരിസ് കോടമ്പുഴക്കെതിരെ ഗുരുത ആരോപണങ്ങളുള്ളത്.
ഹാരിസ് കോടമ്പുഴ നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇതിലെ ചില വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങും ചിത്രങ്ങളും എടുത്തിട്ടുമുണ്ട്. വാട്‌സ് ആപ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഈ അധ്യാപകന്‍ എന്നാണ് പേരു വെളിപ്പെടുത്താത്ത പരാതിയിലുള്ളത്വാട്‌സ് ആപ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഈ അധ്യാപകന്‍ എന്നാണ് പേരു വെളിപ്പെടുത്താത്ത പരാതിയിലുള്ളത്.
4 ടാബുകളും രണ്ട് ലാപ് ടോപും രണ്ട് മൊബൈലും ഫോണും ഇയാള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ ക്രൈം പോര്‍ട്ടലിലെ പരാതികള്‍ ഡി.ജി.പിക്ക് വരികയും ഡി.ജി.പി അതത് പൊലീസ് സ്റ്റേഷനിലേക്ക് പരിശോധിക്കാനായി നല്‍കുകയുമാണ് ചെയ്യുന്നത്. അധ്യാപകനെതിരെ തേഞ്ഞിപ്പലം പൊലീസ് കേസുള്ള സാഹചര്യത്തില്‍ ഈ പരാതിയും തേഞ്ഞിപ്പാലം പൊലീസിന് എത്തും. ഒരു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.