സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സർക്കാർ, സ്വകാര്യ കൺസൾട്ടിങ് കമ്പനികൾക്ക് വിമാനത്താവള ലേലത്തിൽ പങ്കെടുക്കാൻ മാത്രം ഒഴുക്കിയത് കോടികൾ.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്ന കേരള സർക്കാർ വിമാനത്താവള നടത്തിപ്പിനായുള്ള ലേലത്തിൽ പങ്കെടുക്കാനും, പഠന റിപ്പോർട്ടു തയാറാക്കാനുമായി സ്വകാര്യ കമ്പനികൾക്ക് നൽകി തുലച്ചത് കോടികൾ. വിമാനത്താവള നടത്തിപ്പ് പൊതു മേഖലയിൽ വേണമെന്നു ഇപ്പോൾ വാശിപിടിക്കുന്ന സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും ലേലത്തിനുള്ള പഠന റിപ്പോർട്ടു തയാറാക്കാൻ പൊതു മേഖലയിലുള്ള സ്ഥാപനങ്ങളെ ഉപയോഗിക്കാതെ സ്വകാര്യ കമ്പനികളെ ആശ്രയിച്ചത് വഴിയാണ് ജനത്തിന്റെ കോടികൾ ഒഴുക്കിക്കളഞ്ഞത്.ഇക്കാര്യത്തിൽ സർക്കാരിന്റെ ഇരട്ട മുഖമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രണ്ട് സ്വകാര്യ കമ്പനികൾക്ക് മാത്രമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള കെഎസ്ഐഡിസി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തിനു വേണ്ടി മാത്രം ചെലവാക്കിയത് 2.36 കോടി രൂപയാണ്. ലേലത്തിൽ പങ്കെടുക്കാനുള്ള പ്രൊജക്ട് തയാറാക്കലിനു രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ കെ പി എം ജിക്ക് ഒന്നരക്കോടിയിലേറെയാണ് നൽകിയത്. പ്രഫഷനൽ ഫീസായി സിറിൾ അമർചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന് 55,39,522 രൂപയും വേറെ നൽകിയിട്ടുണ്ട്.
ഒരു നോൺ ടെക്നിക്കൽ ലേലത്തിനുള്ള പ്രൊജക്ട് ഡെലിവറബിൾസിന് മാത്രമായി അന്തം വിട്ടുപോകുന്ന ഭീമമായ തുകയാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നത്. എന്തിനുവേണ്ടിയാണ് ഇത്രയധികം തുക ചെലവഴിച്ചത് എന്നത് ഏറെ ദുരൂഹത ഉണ്ടാക്കുമ്പോൾ, പൊതുമേഖലയിൽ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര കൺസൾട്ടിങ് കമ്പനിക്കും, നിയമ സ്ഥാപനത്തിനും മറ്റും ഇത്ര വലിയ തുക നൽകി സേവനം സ്വീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. ലേലത്തിനു മുന്നോടിയായുള്ള പരസ്യങ്ങൾക്കായി മാത്രം കെ എസ്ഐഡിസി 5,77,752 രൂപ ചെലവാക്കിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേല നടപടികൾക്കുള്ള ചെലവ് 7,78,800 രൂപയായിരുന്നു. ബാങ്ക് ഗ്യാരണ്ടികൾക്കുള്ള കമ്മിഷൻ ഇനത്തിൽ 7,83,030 രൂപയാണ് നൽകിയിട്ടുള്ളത്. സ്റ്റാംപ് പേപ്പർ ഉൾപ്പടെ മറ്റു ചെലവുകൾക്ക് 2,34,135 രൂപ യും ചെലവഴിച്ചിരുന്നു.
വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിന്റെ ചെലവു വിവരങ്ങൾ ആവശ്യപ്പെട്ട, കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ആദ്യം നൽകിയ വിവരാവകാശ അപേക്ഷക്ക് കെഎസ്ഡിസി മൊത്തം ചെലവു മാത്രം കാണിച്ച് മറുപടി നൽക്കുകയായിരുന്നു. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിലാണ് 2019 ഡിസംബർ നാലിന് വിശദമായ മറുപടി നൽകുന്നത്. ഇതോടെയാണ് സ്വകാര്യ വൽക്കരണത്തെ എതിർക്കുന്ന സർക്കാർ, സ്വകാര്യ കൺസൾട്ടിങ് കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാനായി മാത്രം കോടികൾ നൽകിയ വിവരം പുറത്തായിരിക്കുന്നത്.