Kerala NewsLatest NewsUncategorized

വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ സ്ത്രീവിരുദ്ധത; ഹരീഷ്​ വാസുദേവനെതിരെ ക്രിമിനൽ​ കേസെടുക്കണമെന്ന് ദലിത് സംഘടനകൾ

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ വംശവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഫേസ്​ ബുക്ക് കുറിപ്പിട്ട അഡ്വ. ഹരീഷ് വാസുദേവനെതിരെ പട്ടികജാതി – വർഗ അതിക്രമം(തടയൽ) നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ദലിത് – ആദിവാസി സംഘടനകൾ.

നിഷ്പക്ഷ നിരീക്ഷകനെന്നും നിയമ വിദഗ്ധനെന്നും അറിയപ്പെടുന്ന ഹരീഷ് രാഷ്​ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനാണ് ഹീനമായ അവഹേളനം നടത്തിയത്. ഫേസ്​ബുക്ക് കുറിപ്പിനെതിരെ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമീഷനിൽ ഉൾപ്പെടെ നൽകിയ പരാതികൾ ഗൗരവമായി പരിഗണിച്ച്‌ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെയും പിന്നാക്ക ജീവിത സാഹചര്യങ്ങളെയും അപമാനിക്കുകയാണ് ഹരീഷ് ചെയ്തതെന്ന് എം.ഗീതാനന്ദൻ പറഞ്ഞു. ജസ്​റ്റിസ്​ ഹനീഫ കമീഷൻ റിപ്പോർട്ടാണ് ഡിവൈ.എസ്.പി സോജൻ ഫ്രാൻസിസിനെ രക്ഷിച്ചത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ കമ്മീഷൻ റിപ്പോർട്ടിന് വിലയില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.

കേസിൽ ഭരണകൂടത്തി‍െൻറയും പൊലീസ് – ജുഡീഷ്യറി സംവിധാനത്തി‍െൻറയും വീഴ്ചകൾ മറച്ചുവെച്ച്‌ ദലിതും തൊഴിലാളിയും സ്ഥാനാർഥിയുമായ സ്ത്രീയെപ്പറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന്​ മണിക്കൂറുകൾക്കു മുൻപ്​ പോസ്​റ്റ്​ എഴുതിയ ഹരീഷിൻറെ ഉദ്ദേശ്യത്തിൽ സംശയമുണ്ടെന്ന് അഡ്വ. ബോബി തോമസ് ചൂണ്ടിക്കാട്ടി. ഹരീഷ് ചൂണ്ടിക്കാട്ടിയ വാദങ്ങൾ പലതും ശുദ്ധ നുണയാണ്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നുള്ള അന്വേഷണങ്ങളാണ് പൊലീസ് നടത്തിയത്. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് കുട്ടികളുടെ അമ്മയടക്കം ബന്ധുക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയിരുന്നില്ല. അതിനാൽ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലെ സാങ്കേതിക വിവരങ്ങൾ അവർക്ക് അറിയില്ല. ഭരണകൂടത്തിന്റെ നിയമപാലകരാൽ ചതിക്കപ്പെട്ട അമ്മക്കെതിരെയാണ് ഹരീഷ് പച്ചക്കള്ളങ്ങൾ കുറിച്ചതെന്നും ബോബി പറഞ്ഞു.

രണ്ടാമത്തെ കുട്ടിയുടെ കൊലപാതകി സ്​റ്റേറ്റും സമൂഹവുമാണെന്ന് സമ്മതിക്കാൻ മനസ്സാക്ഷിയുള്ള ആർക്കും കഴിയുമെന്ന് പ്രതാപൻ തായാട്ട് പറഞ്ഞു. ഈ മാസം 12ന് ഹരീഷിന്റെ ഓഫിസിലേക്ക് മാർച്ച്‌ നടത്തുമെന്നും ദലിത് കൂട്ടായ്മക്കുവേണ്ടി സി.എസ്. മുരളി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button