ഇന്ത്യയിൽ കൊവിഡ്ബാധിതർ 12 ലക്ഷത്തിലേക്ക്.

ഇന്ത്യയിൽ കൊവിഡ്ബാധിതർ 12 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 37,724 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 11,92,915 ആയി. 24 മണിക്കൂറിനിടെ 648 പേർ കൂടി രാജ്യത്ത് മരിച്ചു. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഇതോടെ 28,732 ആയി. ആക്റ്റിവ് കേസുകൾ 4,11,133. ഇതുവരെ രോഗമുക്തരായത് 7.53 ലക്ഷം പേരെന്നാണ് ആരോഗ്യ മന്ത്രാലയം പറഞ്ഞിട്ടുള്ളത്.
8,369 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥ തുടരുകയാണ്. സംസ്ഥാനത്തെ മൊത്തം വൈറസ്ബാധിതർ 3,27,031 ആയി. 246 പേർ സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മരണപെട്ടു. മൊത്തം മരണസംഖ്യ 12,276. ഇതുവരെ 1.82 ലക്ഷം പേർ സംസ്ഥാനത്തു രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 1.32 ലക്ഷം എന്നാണു റിപ്പോർട്ട്.
തമിഴ്നാട്ടിൽ 4,965 പുതിയ കേസുകളാണുള്ളത്. മൊത്തം രോഗബാധിതർ 1,80,643 ആയി. ആക്റ്റിവ് കേസുകൾ 51,344. തുടർച്ചയായി മൂന്നാം ദിവസവും 51,000ൽ ഏറെ കൊവിഡ് പരിശോധന തമിഴ്‌നാട്ടിൽ നടത്തി. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് ടെസ്റ്റുകൾ 20 ലക്ഷം കവിഞ്ഞു. 51,066 സാംപിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. അവസാന 24 മണിക്കൂറിൽ 75 പേർ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ മരണസംഖ്യ 2,626 ആയി.
ഡൽഹിയിൽ 1349 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ 1,25,096. ആക്റ്റിവ് കേസുകൾ 15,288 ആണ്. 3690 പേർ ഇതുവരെ മരിച്ചു. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 71,069 ആയി. 3,649 പുതിയ കേസുകളാണു സംസ്ഥാനത്തു സ്ഥിരീകരിച്ചത്. ആക്റ്റിവ് കേസുകൾ 44,140. ബംഗളൂരുവിൽ 1,714 പുതിയ രോഗബാധിതരെ ഒരു ദിവസത്തിനിടെ കണ്ടെത്തി. തലസ്ഥാന നഗരിയിലെ മൊത്തം വൈറസ്ബാധിതർ 34,943 ആയി. ഇതിൽ 26,746 ആക്റ്റിവ് കേസുകളുണ്ട്. 61 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 1,470 ആയി. 2,128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശിൽ 53,288 കേസുകളാണിപ്പോൾ ഉള്ളത്. 37 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 1229. ഗുജറാത്തിൽ ഏറ്റവും വലിയ പ്രതിദിന വർധനയാണ് ചൊവ്വാഴ്ച ഉണ്ടായത്.1,026 പുതിയ രോഗബാധിതർ. ഇതോടെ മൊത്തം വൈറസ്ബാധിതർ 50,000 കവിഞ്ഞു.