സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ച് പനച്ചൂരാനെ വിളിച്ചു വരുത്തി..,സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ.

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാനെപ്പറ്റി സംവിധായകൻ ലാൽ ജോസിന്റെ ഹൃദയത്തെ തൊട്ടുണർത്തുന്ന ഓർമ്മക്കുറിപ്പ്. അനിൽ പനച്ചൂരാന്റെ മലയാള സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴി തുറന്ന അറബിക്കഥ എന്ന സിനിമയിലേക്കുളള വരവും പിന്നീടുള്ള സൗഹൃദവുമാണ് ലാൽജോസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.
സംവിധായകൻ ലാൽ ജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം.
അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം. ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി.
തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാടലുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.
ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു, ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി !!
സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം.