NationalNewsWorld

അതിര്‍ത്തിയിൽ വീണ്ടും ഇന്ത്യ – ചൈന സൈനികര്‍ ഏറ്റുമുട്ടി, മൂന്നു സൈനികർക്ക് വീരമൃത്യു

അതിര്‍ത്തിയിൽ വീണ്ടും ഇന്ത്യ – ചൈന സൈനികര്‍ തമ്മിൽ സംഘർഷം. തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സൈനികര്‍ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടു. ലഡാഖിലെ ഗാൽവൻ വാലി മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി. വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ഒരു കേണലും രണ്ട് ജവാന്മാരുമാണ് ചൈനീസ് സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഡാഖ് മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാൻ ഇരുസേനകളിലെയും ഉദ്യോഗസ്ഥര്‍ തമ്മിൽ ചര്‍ച്ച നടത്തുകയാണെന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വന്നിരുന്നത്. വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇരുസേനകളും നടത്തിയ അധിക സൈനികവിന്യാസം ദിവസങ്ങളായി പിൻവലിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യൻ സൈനികർ അതിർത്തി കടന്നെത്തി ചൈനീസ് സൈനികരെ ആക്രമിച്ചെന്നാണ് ചൈന ഇക്കാര്യത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ ഗുരുതരായ അതിർത്തി ലംഘനം നടത്തിയെന്നും രണ്ട് തവണ ചൈനീസ് ഭൂപ്രദേശത്തു കടന്നു കയറി ചൈനീസ് സൈനികർക്കു നേർക്ക് ആക്രമണം അഴിച്ചു വിട്ടെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചുള്ള ഗ്ലോബൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയുടെ നടപടി ഏകപക്ഷീയമാണെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടതായും,
ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. എൽഓഎസിയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രങ്ങളിൽ ചൈന വൻതോതിൽ ആയുധങ്ങള്‍ സംഭരിച്ചതും അതിര്‍ത്തിയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതും ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
കിഴക്കൻ ലഡാഖിൽ നിന്ന് ചൈനീസ് സൈനികര്‍ 2.5 കിലോമീറ്റര്‍ വരെ പിന്നിലേയ്ക്ക് മാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.സൈനികതലത്തിൽ ചര്‍ച്ച ആരംഭിക്കാനിരിക്കേയായിരുന്നു ഈ പിൻമാറ്റം എന്നും പറയുന്നു. പട്രോളിങ് പോയിന്‍റ് 14, 15, ഹോട്ട്‍സ്പ്രിങ്‍സ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം. ജൂൺ ആറിന് ഇരുസൈന്യങ്ങളുടെയും ലഫ്റ്റനൻ്റ് ജനറൽമാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു സൈനിക പിൻമാറ്റം ആരംഭിക്കുന്നത്. അതേസമയം,
കിഴക്കൻ ലഡാഖിൽ ചൈനീസ് സൈനികര്‍ ഇന്ത്യൻ അതിര്‍ത്തി ലംഘിച്ചെന്നാണ് ഇന്ത്യൻ സൈന്ന്യം പറയുന്നത്. നിലവിലുളള തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ – ചൈന സംയുക്ത നിലപാടെങ്കിലും മെയ് മാസം ആദ്യം ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കം നടത്തുകയായിരുന്നുവെന്നും, ഇന്ത്യൻ സൈന്ന്യം പറയുന്നുണ്ട്. ഇതോടെ ചൈന അവകാശവാദമുന്നയിക്കുന്ന പാംഗോങ് സോ, ഗാല്‍വന്‍ വാലി, ഡെംചോക്, ദൗലത് ബെഗ് ഓള്‍ഡി തുടങ്ങിയ കേന്ദ്രങ്ങളിൽ ഇന്ത്യയും കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്.
വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്‍‍നാഥ് സിങ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും മൂന്ന് സേനാ തലവന്മാരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button