ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടിസ്

വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപെട്ടു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടിസയച്ചു. പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടോ എന്നു വ്യക്തമാക്കണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശ സഹായം നൽകിയ റെഡ് ക്രസന്‍റുമായുള്ള കരാറിന്‍റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും, കരാർ തുക എങ്ങനെയാണ് കൈമാറ്റം ചെയ്തുവെന്നു വ്യക്തമാക്കണമെന്നും എന്‍ഫോഴ്സ്മെന്റിന്റെ നോട്ടിസിൽ പറഞ്ഞിട്ടുണ്ട്.
കരാറിന്റെ വിശദാംശങ്ങൾ, ഇടനിലക്കാർ ആരൊക്കെ, കരാർ തുക എത്രയായിരുന്നു, തുടങ്ങിയ കാര്യങ്ങൾ എന്‍ഫോഴ്സ്മെന്‍റ് പഠിച്ചുച്ചുവരുകയാണ്. ഇതിനിടെയാണ് ഇക്കാര്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഔദ്യോഗികമായി അറിയാനുള്ള എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഭവനസമുച്ചയത്തിന്റെ നിർമാണ കരാറെടുത്ത കമ്പനി, സ്വപ്നക്ക് ഒരു കോടി രൂപ കമ്മിഷൻ നൽകിയതായി മൊഴി നൽകിയതോടെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചുരുളുകൾ അഴിയുന്നത്. നിർമ്മാണം കരാറെടുത്ത കമ്പനി ഉടമ പണികിട്ടാനായി കമ്മീഷൻ കൊടുക്കേണ്ടിവന്ന പണത്തിന്റെ കണക്ക് വള്ളിപുള്ളി തെറ്റാതെ പറഞ്ഞതോടെ 4.35 കോടിയുടെ കമ്മീഷൻ ഏർപ്പാട് പുറത്താവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചതിനെത്തുടർന്നു ലഭിച്ച 20 കോടിയുടെ സഹായത്തിൽ നിന്ന് ഏതു സാഹചര്യത്തിലാണു സ്വപ്നയ്ക്കു കമ്മിഷൻ ലഭിച്ചതെന്നതിനെ പറ്റിയും, റെഡ് ക്രസന്റിൽ നിന്നു നിർമാണക്കമ്പനിക്ക് കരാർ നൽകിയതിന്റെ മാനദണ്ഡങ്ങളും, അതിനു ഇടനിലക്കാർ ആരൊക്കെ ആയിരുന്നു, എന്നതുമാണ് ഇ ഡി ഇപ്പോൾ പരിശോധിക്കുന്നത്. പദ്ധതിക്കായി വടക്കാഞ്ചേരിയിൽ ആദ്യം വിഭാവനം ചെയ്ത പദ്ധതിയിലുണ്ടാക്കിയ മാറ്റങ്ങളും ഇ ഡി അന്വേഷിക്കുന്നുണ്ട്. റെഡ്ക്രസന്റിൽ നിന്നു സഹായം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം, കരാറിനു മുമ്പ് നയപരമായ തീരുമാനം വേണമെന്നു നിയമവകുപ്പ് ഫയലിൽ എഴുതിയ കുറിപ്പ്, വിദേശ സംഘടനയിൽ നിന്നു സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചിട്ടുണ്ടോ,തുടങ്ങിയവയും ഇഡി പരിശോധിക്കും.