കൊല്ലപ്പെടുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും കത്തിലെഴുതി അയല്‍ക്കാരിക്ക് കൊടുത്തു, ദേവകി മരണത്തില്‍ നിര്‍ണായകമായി ഒരു കത്ത്

സ്വത്തിനുവേണ്ടി മകനും മരുമകളും അഞ്ചു മാസത്തോളമായി വീട്ടില്‍ പൂട്ടിയിടിച്ച് പീഡിപ്പിക്കുന്നതുള്പ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന എഴുത്ത് ദേവകി അയല്പക്കത്തെ സ്ത്രീയെ ഏല്പിച്ചിരുന്നു. താന്‍ ഏതുനിമിഷവും കൊല്ലപ്പെടാമെന്ന വിവരവും ഈ കത്തിലുണ്ടായിരുന്നു. ഈ കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ദേവകി (75)യുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി അയല്‍ക്കാരിക്ക് നാളുകള്‍ക്കു മുമ്പേ ഇവര്‍ എഴുതി നല്കിയ കത്ത്.
തൂങ്ങിമരിച്ചെന്നായിരുന്നു മകന് പൊലീസിന് നല്കിയ മൊഴി. എന്നാല്‍, സ്ഥലം പരിശോധിച്ച ഫോറന്‍സിക് സംഘത്തിലെ ഡോ. ബല്‍റാം, ഡോ. ദീപു, ഡോ. വിശാല്‍ എന്നിവര്‍ക്ക് ഇതിനുള്ള തെളിവുകള്‍ ലഭിച്ചില്ല. ഫോറന്‍സിക് അസി. ഡോ. ദേവി വിജയെന്റ പരിശോധനകളും ആത്മഹത്യയിലേക്ക് വിരല്ചൂണ്ടുന്നതല്ലായിരുന്നു.
പലതവണ പരസ്പര വിരുദ്ധമായ മൊഴികള്‍ പ്രതികള്‍ ആവര്‍ത്തിച്ചതോടെ പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ഇവര്‍ക്ക് മുന്നില്‍ വെച്ചു. ഇരുവരെയും മാറ്റി ചോദ്യം ചെയ്തതോടെ പിടിച്ചുനില്‍ക്കാനാകാതെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വീട്ടില്‍നിന്ന് രാത്രി പലവട്ടം നിലവിളി കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ആരെങ്കിലും അന്വേഷിക്കാന്‍ ചെന്നാല്‍ നേരിടാന്‍ നായ്ക്കളെയും കാവല്‍ നിര്‍ത്തിയിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്കി.