ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നയ്ക്കൽ മുഖ്യ കണ്ണിയായ കള്ളനോട്ടടി സംഘം പിടിയിലായി.

തിരുവനന്തപുരം/ തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിലായി. കള്ളനോട്ടടി സംഘത്തിലെ മുഖ്യ കണ്ണി ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കലും പിടിയിലായിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. വർക്കല പാപനാശം ബീച്ചിൽ കഴിഞ്ഞ ദിവസം രണ്ടുപേർ കള്ളനോട്ട് മാറാൻ ശ്രമിച്ചവർ പോലീസ് പിടിയിലായതോടെയാണ് കള്ളനോട്ടടി സംഘത്തെ പറ്റി പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതോടെ സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രികരിച്ച് ചാരിറ്റി പ്രവർത്തനം നടത്തി വരുന്ന ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. ഇയാൾ പോത്തൻകോട് നെയ്യനമൂലയിൽ ഒന്നരമാസമായി ഒരു വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ആഷിഖ് തോന്നയ്ക്കലിന്റെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തുമ്പോഴാണ് വർക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുക്കുന്നത്. നോട്ടുകളുടെ കളർ പ്രിന്‍റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയിൽപ്പെടുന്നു. 200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. കള്ളനോട്ടു റാക്കറ്റിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്നും അവരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.