
തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്നുംകേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്‌കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.ഇതെല്ലാം വിദ്യാഭ്യാസനത്തിന്റെ മൂല്യം കളയുന്ന പ്രവർത്തികൾ ആണെന്നും ശാസ്ത്രബോധവും അറിവും വളർത്തേണ്ട സ്കൂളുകൾ ഇത്തരം വ്യവസ്ഥിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യം ഇല്ലാതാക്കുകയാണെന്നും അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാൽപ്പാദങ്ങളിൽ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ കഴുകിയത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് കുട്ടികളെക്കാണ്ട് പൂജ ചെയ്യിപ്പിച്ചത്. കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ വിരമിച്ച 30 അധ്യാപകരുടെ കാലിലാണ് വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിച്ചത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നിരുന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു
ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ച മുഴുവൻ ആളുകൾക്കെതിരെയും കർശനമായ നിയമ-അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.