ആർഎസ്എസ് ശാഖയിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിട്ടതായി കുറിപ്പെഴുതി യുവാവിന്റെ ആത്മഹത്യ

ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നുമായി നിരന്തരം ലൈംഗിക പീഡനം നേരിട്ടതായി കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയാണ് മരിച്ച യുവാവ്.
മരണത്തിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ ആർഎസ്എസ് പ്രവർത്തകരുടെ ക്രൂരതകളെപ്പറ്റി യുവാവ് വിശദമായി എഴുതി. പോസ്റ്റ് ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിച്ചതിനുശേഷമാണ് ആത്മഹത്യ നടന്നത്.
നാലുവയസ്സുള്ളപ്പോഴാണ് ആർഎസ്എസുകാരനായ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതെന്നും, തുടർന്ന് സംഘടനയിലെ പലരിൽ നിന്നുമാണ് ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നതെന്നും യുവാവ് കുറിപ്പിൽ വെളിപ്പെടുത്തി. തുടർച്ചയായ പീഡനങ്ങൾ മൂലം തനിക്കു ഒസിഡിയും പാനിക് അറ്റാക്കുകളും ഉണ്ടായതായും അദ്ദേഹം എഴുതി.
“ജീവിതത്തിൽ ഇത്ര വെറുപ്പുളള മറ്റൊരു സംഘടനയില്ല. ആർഎസ്എസ് പ്രവർത്തകരെ ഒരിക്കലും സുഹൃത്താക്കരുത് — അവർ അച്ഛനായാലും സഹോദരനായാലും മകനായാലും ജീവിതത്തിൽ നിന്ന് അകറ്റണം,” എന്നും യുവാവ് കുറിപ്പിൽ രേഖപ്പെടുത്തി. യുവാവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ പ്രധാന ഭാഗങ്ങൾ
‘മൂന്നോ നാലോ വയസുളളപ്പോള്‍ മുതല്‍ എന്റെ അയല്‍വാസിയായ ആ പിതൃശൂന്യന്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങള്‍ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാള്‍. എന്നെ ആര്‍എസ്എസ് ക്യാംപില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കില്‍പ്പോലും അവരെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ഇനീഷ്യന്‍ ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവര്‍ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപില്‍ നടക്കുന്നത് പീഡനങ്ങളാണ്. ഞാന്‍ ഇതില്‍ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാന്‍ പറ്റുന്നത്.
ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എന്‍എം ഒരു സജീവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണ്. എനിക്കറിയാം. ഞാന്‍ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആര്‍എസ്എസ് ക്യാംപുകളില്‍ നിന്നും പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികള്‍ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗണ്‍സലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവന് കാരണം പീഡനത്തിനിരയായവര്‍ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇവന് ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാല്‍ അതിനെയും ദുരുപയോഗം ചെയ്യും. അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവന്. ഞാനിപ്പോള്‍ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യില്‍ നില്‍ക്കില്ല. മറ്റൊരാള്‍ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോള്‍ മരണമാണ് അതില്‍ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
രക്ഷിതാക്കള്‍ മക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാന്‍ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തില്‍ വളര്‍ത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവര്‍ എല്ലായിടത്തും ഉണ്ടാകും. കുട്ടികള്‍ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.
Tag: Youth commits suicide after writing a note alleging constant sexual harassment by RSS branch