News

ഇനി നാളെ, നാളെ ഇല്ല, ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ, മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ.

സംസ്ഥാനത്തെ മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ ആരംഭിക്കും. ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷൻ്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഗൂഗിളിൻ്റെ അനുമതി ലഭിച്ചതോടെയാണ് മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ വരണമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. വരിയിൽ ഒരു സമയം 5 അംഗങ്ങളെ മാത്രമേ അനുവദിക്കൂവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 576 ബാറുകളിലും 301 കണ്‍സ്യൂമര്‍ഫെഡ് ബെവ്കോ ഔട്ട് ലെറ്റുകളിലും മദ്യം പാഴ്സലായി ലഭിക്കും. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യം ലഭിക്കും. മൊബൈല്‍ ആപ്പില്‍ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 612 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 576 ബാര്‍ ഹോട്ടലുകളാണ് സര്‍ക്കാരിന്‍റെ പുതിയ സംവിധാനത്തിലൂടെ മദ്യം നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടേയും മദ്യം വാങ്ങാം. ഇവിടെ പ്രത്യേക കൗണ്ടറുകളുണ്ടാവും പക്ഷെ ഇരുന്ന് കഴിക്കാനുള്ള സംവിധാനമുണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ട് ലക്ഷത്തി എണ്‍പത്തിനാലായിരിത്തി ഇരുന്നൂറ്റി മൂന്ന് രൂപയാണ് ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍കോഡിന് സര്‍ക്കാര്‍ നല്‍കുന്നത്. 29 പ്രൊപ്പോസലുകള്‍ ലഭിച്ചതായും അതില്‍ അഞ്ച് കമ്പനിയെ വിദഗ്ധര്‍ തിരഞ്ഞെടുത്ത് ചെലവ് കുറഞ്ഞ ഫെയര്‍കോഡിന് അനുമതി നല്‍കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
സമീപത്തെ മദ്യവിതരണ കൗണ്ടറുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിലൂടെ അറിയാൻ കഴിയും. ആദ്യഘട്ടത്തിൽ 4.8 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്.
ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽ നിന്നും 50 പേർക്ക് വീതം ആയിരിക്കും മദ്യം വിതരണം ചെയ്യുക. പേരും മൊബൈൽ നമ്പറും പിൻകോഡും ചേർത്താൽ സമീപത്തെ മദ്യശാലകളിലേക്കുള്ള ടോക്കൺ ലഭ്യമാകും. എന്നാൽ എവിടെ നിന്ന് മദ്യം ലഭിക്കണമെന്നത് ആപ്പ് ആയിരിക്കും തീരുമാനിക്കുക.
ആപ്പ് നിര്‍മ്മിച്ച കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജീസ് ആപ്പ് എങ്ങിനെ ഉപയോഗിയ്ക്കാം എന്ന് പറയുന്നത് ഇങ്ങനെ.
ഉപഭോക്താവിന്റെ പേര് മൊബൈല്‍ നമ്പര്‍ പിന്‍കോഡ് എന്നിവ നല്‍കി ആപ്പില്‍ പ്രവേശിയ്ക്കാം. തുടര്‍ന്ന് ആറക്ക സ്ഥിരീകരണ കോഡ് ലഭിക്കും. കോഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിയ്ക്കുക. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള പേജിലേക്ക് പ്രവേശിയ്ക്കാനാവും ഇവിടെ നിന്ന് മദ്യം അല്ലെങ്കില്‍ ബിയര്‍, വൈന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ക്യൂ.ആര്‍ കോഡുള്ള ടോക്കണ്‍ ലഭിയ്ക്കും.
നിശ്ചിത ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ലഭ്യമല്ല എന്നും മറുപടിയും ലഭിയ്ക്കും. മദ്യം വാങ്ങാന്‍ ഔട്ടലെറ്റുകളിലോ ബാറികളിലോ എത്തുമ്പോള്‍ പാലിയ്‌ക്കേണ്ട നടപടിക്രമങ്ങളും ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button