
അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ചുഴലിക്കാറ്റായി മാറുകയാണ്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിയാര്‍ജിച്ചു. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലാവര്‍ഷം കേരളത്തില്‍ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാലവര്‍ഷത്തെ നേരത്തെ കേരളതീരത്ത് എത്തിച്ചിരിക്കുകയാണ്.
ജൂൺ 5 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില സമയങ്ങളിൽ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മണിക്കൂറിൽ 60 കി.മീ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോയവർ ഉടൻ കരയ്ക്കടുക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 2 വരെ കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ, ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകണം.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിർദ്ദേശങ്ങൾ,
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്
- വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
- മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്, എന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു.