‘എസ്ഐ 4 തവണ ബലാത്സംഗം ചെയ്തു, മാസങ്ങളായി അതിക്രമം’; കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പെഴുതി വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ സത്താറയിൽ കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി. ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്.ഐ. ഗോപാൽ ബദ്‌നെയാണ് തന്റെ മരണത്തിന് കാരണമെന്നും, അയാൾ തന്നെ നിരന്തരം ശാരീരികവും മാനസികവുമായി അതിക്രമത്തിന് വിധേയയാക്കിയെന്നും കുറിപ്പിൽ പറയുന്നു.
“പോലീസ് ഓഫീസർ ഗോപാൽ ബദ്‌നെയാണ് എന്റെ മരണത്തിനു കാരണം. നാലു തവണ ഇയാൾ എന്നെ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി എസ്.ഐ. എന്നെ ശാരീരികവും മാനസികവുമായ അതിക്രമത്തിനിരയാക്കുന്നു” – ഇടതു കൈവെള്ളയിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫൽത്താൻ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ഡോക്ടർ. ജൂൺ 19-ന് ഇതേ പോലീസ് ഓഫീസർക്കെതിരെ ഡോക്ടർ ഡി.എസ്.പിക്ക് പരാതി നൽകിയിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിക്കുന്നുവെന്നും ഇവർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
ഡോക്ടറുടെ ആത്മഹത്യയെ തുടർന്ന് ആരോപണവിധേയനായ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരാവുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡോക്ടറുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ബി.ജെ.പി. അറിയിച്ചു.
Tag: SI raped me 4 times, abused me for months; Female doctor commits suicide by writing suicide note on palm of hand



